എംബസികളോ പ്രതിനിധികളോ സ്ഥാപനങ്ങളില്‍  നേരിട്ട് ബന്ധപ്പെടരുത് -തൊഴില്‍ മന്ത്രി

റിയാദ്: വിദേശ തൊഴിലാളികളുടെ പരാതി മാത്രം അടിസ്ഥാനമാക്കി എംബസികള്‍ സ്ഥാപനങ്ങളെ നേരിട്ട് ബന്ധപ്പെടരുതെന്ന് സൗദി തൊഴില്‍ മന്ത്രി മുഫര്‍റജ് അല്‍ഹഖബാനി. ഇത് സംബന്ധിച്ച സര്‍കുലര്‍ എല്ലാ രാജ്യങ്ങളുടെയും എംബസികള്‍ക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് നിലവില്‍ വരുന്നതോടെ എംബസിയെ പ്രതിനിധീകരിച്ച് വ്യക്തികള്‍ക്ക് സ്ഥാപനങ്ങളെ സമീപിക്കാനാവില്ല. ദമ്മാം ചേംബര്‍ ഹാളില്‍ നടന്ന വ്യവസായികളുടെ സംഗമത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 പ്രവിശ്യയിലെ പ്രമുഖ വ്യവസായികള്‍ ചില സ്വകാര്യ വ്യക്തികളുടെ ഇടപെടലുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രസ്താവന. തൊഴിലാളികളുടെ പരാതി മാത്രം പരിഗണിച്ച് എംബസികള്‍ സ്ഥാപനങ്ങളെ ബന്ധപ്പെടുകയോ സന്ദര്‍ശിക്കുകയോ ചെയ്യുന്നത് രാജ്യത്തെ നിയമ വ്യവസ്ഥക്ക് എതിരാണ്. എംബസികള്‍ തൊഴില്‍ മന്ത്രാലയവുമായാണ് മന്ത്രാലയവുമായാണ് ബന്ധപ്പെടേണ്ടത്. തൊഴിലുമായി ബന്ധപ്പെട്ട കേസുകളില്‍ തൊഴിലാളികളും എംബസി അധികൃതരും മാത്രമേ ഇടപെടാവൂ. അല്ലാത്തവര്‍ക്ക് ചുമതല ഏല്‍പിക്കുന്നത് നിയമ വിരുദ്ധമാണെന്നും തൊഴില്‍ മന്ത്രി പറഞ്ഞു. നിലവില്‍ എംബസിയുടെ സാന്നിധ്യമില്ലാത്ത പ്രദേശങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരാണ് എംബസിയെ പലപ്പോഴും പ്രതിനിധീകരിക്കുന്നത്. ഇത് ഇല്ലാതാവുന്നതോടെ എല്ലാ തൊഴില്‍ കേസുകള്‍ക്കും എംബസി അധികൃതര്‍ നേരിട്ട് ഹാജരാകേണ്ടിവരും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.