തലക്കടിച്ച് പരിക്കേല്‍പിച്ച് കവര്‍ച്ച: ലൈജു സുഖം പ്രാപിക്കുന്നു; പൊലീസ് അന്വേഷണം തുടങ്ങി

റിയാദ്: കവര്‍ച്ച സംഘം തലക്കടിച്ച് പരിക്കേല്‍പിച്ച കൊല്ലം ഓച്ചിറ സ്വദേശി ലൈജു (40) സുഖം പ്രാപിക്കുന്നു. ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ നിന്ന് വിട്ടയക്കപ്പെട്ട ശേഷം ഫ്ളാറ്റില്‍ വിശ്രമിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
ശുമൈസി ആശുപത്രി മോര്‍ച്ചറിക്ക് പിന്‍വശത്തുള്ള സ്വന്തം ഫ്ളാറ്റിന് മുന്നില്‍ വെച്ച് വ്യാഴാഴ്ചയാണ് ലൈജു ആക്രമിക്കപ്പെട്ടത്. പൗള്‍ട്രി കമ്പനി സെയില്‍സ്മാനായ ലൈജു ഇവിടെ കുടുംബ സമേതമാണ് താമസിക്കുന്നത്. ജോലി കഴിഞ്ഞ് രാത്രി സെയില്‍സ് വാഹനമായ മിനി ട്രക്കുമായി വീട്ടിന് സമീപം എത്തി പാര്‍ക്ക് ചെയ്യാനൊരുങ്ങുമ്പോഴാണ് അക്രമമുണ്ടായത്. രണ്ടംഗ അക്രമി സംഘം വാഹനം വളഞ്ഞു. ഇത് കണ്ട് പുറത്തിറങ്ങാതെ പിന്നോട്ടെടുത്ത് രക്ഷപ്പെടാനൊരുങ്ങുമ്പോള്‍ ട്രക്കിന്‍െറ വിന്‍ഡോ ഗ്ളാസ് അടിച്ചുതകര്‍ത്തായിരുന്നു ആക്രമണം. വലിച്ച് പുറത്തിട്ട് കഴുത്തിന് കുത്തിപ്പിടിച്ച് കൈയിലുള്ളത് ആവശ്യപ്പെട്ടു. 
വിസമ്മതിച്ചപ്പോള്‍ ഇരുമ്പു കമ്പി കൊണ്ട് തലക്കടിച്ചു. ബോധം കെടുന്നവരെ അടി തുടര്‍ന്നു. ബോധരഹിതനായി നിലത്ത് വീണപ്പോള്‍ പോക്കറ്റ് പരിശോധിച്ച് പണവും മറ്റ് സാധനങ്ങളും കൈവശപ്പെടുത്തി സംഘം സ്ഥലം വിട്ടു. 
കുറച്ചുനേരം നിരത്തില്‍ ബോധമില്ലാതെ കിടന്ന ലൈജുവിനെ അയല്‍വാസിയായ സൗദി പൗരന്‍ പ്രദേശത്തുള്ളവരെ വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി ക്ഷതമേറ്റു. ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കി. രാത്രി ഏറെ വൈകിയാണ് ബോധം തിരിച്ചുകിട്ടിയത്. 
തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ജിജോ ജോര്‍ജിന്‍െറ നേതൃത്വത്തില്‍ ശുമൈസി പൊലീസില്‍ പരാതി നല്‍കി. അടുത്ത ദിവസം ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. വിവരം ശേഖരിച്ച പൊലീസ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.