മത്സ്യ ബന്ധനത്തിനായി 42 തുറമുഖങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി

ദമ്മാം: മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയില്‍ 42 മത്സ്യ ബന്ധന തുറമുഖങ്ങള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ വിവിധ തീരങ്ങളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന മത്സ്യ സമ്പത്ത് ഒരു ലക്ഷം ടണ്‍ ആണ്. ഇത് ആറ് ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തുക എന്ന ലക്ഷ്യമിട്ടാണ് മത്സ്യ ബന്ധന വകുപ്പ് മന്ത്രാലയം പദ്ധതിയാവിഷ്കരിച്ചിരിക്കുന്നതെന്ന് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ജാബിര്‍ അശ്ശഹ്രി അറിയിച്ചു. സ്വകാര്യ മേഖലയില്‍ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇവ നിര്‍മിക്കുന്നത്. ഇതില്‍ 11 മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മാണത്തിലാണ്. ഖതീഫ്, ഖോബാര്‍, ദമ്മാം എന്നിവിടങ്ങളിലാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ വരുന്നത്. ഇവിടങ്ങളില്‍ സ്വകാര്യ നിക്ഷേപകരുടെ സഹായത്തോടെ മത്സ്യ കൃഷിയിറക്കും. അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടല്‍ മത്സ്യങ്ങള്‍ക്ക് പുറമെ ശുദ്ധ ജല തടാകങ്ങളിലും മത്സ്യ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പദ്ധതിയുണ്ട്.
ചെങ്കടലിലും അറേബ്യന്‍ ഉള്‍ക്കടലിലൂം ഇതിനായി സൗകര്യമൊരുക്കും. ഈ രംഗത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുക എന്നതാണ് മന്ത്രാലയം പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
കടല്‍ മത്സ്യങ്ങള്‍ക്കു പുറമെ ശുദ്ധ ജല മത്സ്യങ്ങള്‍ക്കും വിപണിയില്‍ വന്‍ ഡിമാന്‍റാണുള്ളതെന്ന് ജാബിര്‍ പറഞ്ഞു. ഇത് തിരിച്ചറിഞ്ഞാണ് ശുദ്ധ ജല മത്സ്യ കൃഷിക്കും പദ്ധതിയിട്ടിരിക്കുന്നത്. മത്സ്യ സമ്പത്ത് വര്‍ധിക്കുന്നതോടെ കൂടുതലാളുകള്‍ക്ക് തൊഴില്‍ ലഭിക്കും.
വിദേശ നിക്ഷേപകരത്തെുന്നതോടെ ഈ മേഖലയില്‍ നല്ല വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സ്യ സമ്പത്ത് കൂടുന്നതോടെ കയറ്റുമതി വര്‍ധിക്കുകയും അതുവഴി രാജ്യത്തേക്ക് കൂടുതല്‍ വിദേശ നാണ്യം വരുമെന്നും കണക്കു കൂട്ടുന്നു. നിലവില്‍ മത്സ്യ സമ്പത്തിന്‍െറ ലഭ്യത കുറഞ്ഞത് ഈ സീസണിലും രൂക്ഷമായ വിലക്കയറ്റത്തിനും മറ്റും ഇടയാക്കിയ സാഹചര്യത്തിലാണ് വ്യാപകമായി കൃഷിയിറക്കാന്‍ മത്സ്യ ബന്ധന വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.