കമ്മി ബജറ്റിലും പദ്ധതി നടത്തിപ്പ് തുടരും – സല്‍മാന്‍ രാജാവ്

റിയാദ്: 2015ല്‍ തുടക്കം കുറിച്ച ഭീമന്‍ പദ്ധതികളുടെ നടത്തിപ്പ് മുന്‍ഗണനാക്രമത്തില്‍ പൂര്‍ത്തിയാക്കുമെന്നും ആഗോള സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് സൗദി അതിന്‍െറ 2016 ബജറ്റിന് അംഗീകാരം നല്‍കുന്നതെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ബജറ്റ് അവതരണത്തിന്‍െറ ഭാഗമായി ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നടപ്പുവര്‍ഷത്തെ ചെലവില്‍ 44 ബില്യന്‍ റിയാല്‍ ഹറം പദ്ധതികളുടെ സ്ഥലമെടുപ്പിനും കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനുമാണ് വിനിയോഗിച്ചത്. അയല്‍ രാജ്യങ്ങള്‍ സുരക്ഷ ഭീഷണിയും സാമ്പത്തിക പ്രതിസന്ധിയും നേരിടുമ്പോള്‍ സുരക്ഷിതമായ സാഹചര്യമാണ് സൗദിയിലുള്ളത്. പൗരന്മാരെ, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരെ കൂടുതല്‍ പരിഗണിച്ചുകൊണ്ടാണ് ബജറ്റിലെ ഇനങ്ങള്‍ ചെലവഴിക്കുക. സര്‍ക്കാര്‍, സ്വകാര്യ മേഖലകളുടെ സഹകരണം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് സാമ്പത്തിക മേഖല കൂടുതല്‍ ശക്തിപ്പെടുത്താനും ബജറ്റില്‍ സംഖ്യ വകയിരുത്തിയിട്ടുണ്ട്. സാമ്പത്തിക ഉന്നമനത്തിനും ശാക്തീകരണത്തിനും വഴിതുറക്കുന്ന ബജറ്റാണ് 2016ല്‍ നടപ്പാക്കുകയെന്നും രാജാവ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. രാജ്യത്ത് സാധ്യമായ സ്രോതസ്സുകള്‍ ഉപയോഗിച്ച് സ്വദേശ, വിദേശ കടത്തിലൂടെയും കമ്മി നികത്തുമെന്ന് ധനകാര്യ മന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ് വിശദീകരിച്ചു. ബജറ്റിലെ കമ്മി നികത്തുന്ന പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി 183 ബില്യന്‍ റിയാല്‍ അടുത്ത വര്‍ഷത്തില്‍ ചെലവഴിക്കും. 2015ല്‍ രാജ്യത്ത് വിവിധ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ 2650 കരാറുകളാണ് ഒപ്പുവെച്ചത്. കമ്മി ബജറ്റിന്‍െറ പശ്ചാത്തലത്തിലും ഇവ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നത് വിദേശ ജോലിക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്താവനയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.