ജിദ്ദ: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ സൗദി അറേബ്യയുടെ സാന്നിധ്യം ശക്തമാക്കുന്നതിെൻറ ഭാഗമായി ജിദ്ദ ഇസ്ലാമിക് തുറമുഖത്തെ ഇന്ത്യയുമായും ജിബൂട്ടിയുമായും ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിങ് സർവിസിന് സൗദി തുറമുഖ അതോറിറ്റി (മവാനി) തുടക്കം കുറിച്ചു. എമിറേറ്റ്സ് ഷിപ്പിങ് ലൈൻ ആരംഭിച്ച ‘എസ്.ആർ.എസ്’ എന്ന പുതിയ സർവീസാണ് ജിദ്ദ തുറമുഖവുമായി ബന്ധിപ്പിച്ചത്.
പുതിയ സർവീസ് നിലവിൽ വരുന്നതോടെ ആഗോള വിപണികളുമായുള്ള സൗദി അറേബ്യയുടെ ബന്ധം കൂടുതൽ വിപുലമാകും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര ഇടനാഴികളിലൊന്നായ ചെങ്കടൽ വഴിയുള്ള വ്യാപാര നീക്കത്തിന് ഇത് കരുത്തേകുകയും വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും.
ഇന്ത്യയിലെ ഗുജറാത്തിലുള്ള മുന്ദ്ര തുറമുഖം, ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിലുള്ള ജിബൂട്ടി തുറമുഖം എന്നിവയെയാണ് ജിദ്ദയുമായി ഈ സർവിസ് വഴി നേരിട്ട് ബന്ധിപ്പിക്കുന്നത്. ഏകദേശം 2,144 ട്യൂ കണ്ടെയ്നറുകൾ വരെ വഹിക്കാൻ ശേഷിയുള്ള കപ്പലുകളാണ് ഈ റൂട്ടിൽ സർവിസ് നടത്തുക. ദേശീയ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ലോജിസ്റ്റിക് സൂചികയിൽ സൗദി അറേബ്യയുടെ റാങ്കിങ് മെച്ചപ്പെടുത്തുന്നതിനുമുള്ള മവാനിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം. മൂന്ന് ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക് ഹബ്ബായി സൗദിയെ മാറ്റുക എന്ന ദേശീയ ഗതാഗത-ലോജിസ്റ്റിക് തന്ത്രത്തിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ പുതിയ ഷിപ്പിങ് ലൈൻ നിർണായക പങ്കുവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.