ഹജ്ജിനു ശേഷമുള്ള ആദ്യ ജുമുഅ: ഇരുഹറമുകളിലും വിശ്വാസി ലക്ഷങ്ങളുടെ തിരക്ക്

മക്ക: ഹജ്ജ് കർമങ്ങൾക്ക് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിലും പ്രാർത്ഥനയിലും പങ്കെടുക്കാൻ ഇരുഹറമുകളിലേക്കും ലക്ഷക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി. നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ മസ്ജിദുൽ ഹറാമിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

വിദേശ-ആഭ്യന്തര ഉംറ തീർത്ഥാടകർ കൂടി എത്തിയതോടെ ജുമുഅയിൽ പങ്കുചേരാൻ വൻ ജനപ്രവാഹമാണ് ഉണ്ടായത്. ഇന്ത്യയിൽ നിന്നുള്ള 1,15,000-ലേറെ തീർത്ഥാടകരാണ് ഹറമിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തത്. തീർത്ഥാടകരെ ഹറമിലേക്ക് എത്തിക്കുന്നതിനായി ഇന്ത്യൻ ഹജ്ജ് മിഷൻ പ്രത്യേക മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. പുലർച്ചെ അഞ്ചിന്​ മുൻപ് തന്നെ ഹറമിലേക്ക് എത്താൻ തീർത്ഥാടകർക്ക് നിർദ്ദേശം നൽകി. രാവിലെ ആറോടെ ഹറമിലേക്കുള്ള ബസ് സർവീസ് പൂർണമായും നിർത്തിവച്ചു.

 

രാവിലെ 11 ഓടെ മസ്ജിദുൽ ഹറാമി​െൻറ അകവും പുറവും പൂർണമായി നിറഞ്ഞു. പിന്നീട് എത്തിയ വിശ്വാസികൾക്ക് പള്ളിയുടെ പുറത്തെ മുറ്റത്താണ് പ്രാർത്ഥനയ്ക്കായി ഇടം ലഭിച്ചത്. നമസ്കാര സമയമായപ്പോഴേക്കും തിരക്ക് ഹറമിലേക്കുള്ള റോഡുകളിലേക്കും നീണ്ടു. കടുത്ത തിരക്കും കാലാവസ്ഥയും പരിഗണിച്ച് ഖുതുബയും നമസ്കാരവും വേഗത്തിൽ പൂർത്തിയാക്കി.

 

ഇന്നലെ മക്കയിൽ 43 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കടുത്ത ചൂടിനെയും അവഗണിച്ച് വിശ്വാസികൾ ഹറമിലേക്ക് ഒഴുകിയെത്തി. വർധിക്കുന്ന ചൂട് കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ ഹജ്ജ് മിഷൻ നേരത്തെ നൽകിയിരുന്നു. പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ ഏതാനും തീർത്ഥാടകർക്ക് ആരോഗ്യ പ്രയാസങ്ങൾ നേരിട്ടു. എന്നാൽ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ ഒരുക്കിയിരുന്ന മെഡിക്കൽ സംവിധാനങ്ങൾ തീർത്ഥാടകർക്ക് വലിയ തുണയായി. നിരവധി ഹാജിമാർക്ക് പ്രാഥമിക ശുശ്രൂഷ നൽകി തിരിച്ചയച്ചു.

 

നാട്ടിൽ നിന്നെത്തിയ ഹജ്ജ് ഉദ്യോഗസ്ഥർക്ക് ജുമുഅ ദിവസം പ്രത്യേക ഡ്യൂട്ടി നൽകി ഹറമി​െൻറ പരിസരത്ത് സേവനത്തിന് നിയോഗിച്ചിരുന്നു. ഹജ്ജ് കോൺസൽ സദഫ് ചൗദരിയുടെ നേതൃത്വത്തിലാണ് ‘ഫ്രൈഡേ ഓപ്പറേഷൻ’ വിജയകരമായി പൂർത്തിയാക്കിയത്. ഇതോടൊപ്പം വഴിനീളെ മലയാളി സന്നദ്ധ സംഘടനകളും ഹാജിമാരുടെ സഹായത്തിനായി രംഗത്തുണ്ടായിരുന്നു. വെള്ളം, ജ്യൂസ്, കുട, ഭക്ഷണം എന്നിവ ഹാജിമാർക്ക് ഇവർ വിതരണം ചെയ്തു. കടുത്ത ചൂടിൽ വലഞ്ഞ ഹാജിമാർക്ക് സന്നദ്ധ പ്രവർത്തകരുടെ സേവനം വലിയ ആശ്വാസമായി. വൈകുന്നേരത്തോടെയാണ് ഹാജിമാർ താമസസ്ഥലങ്ങളിലേക്ക് മടങ്ങിയത്.

 

അതിനിടെ, ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര തുടരുകയാണ്. വെള്ളിയാഴ്​ച 25 വിമാനങ്ങളിലായി 8000-ത്തിലേറെ തീർത്ഥാടകർ നാട്ടിലേക്ക് മടങ്ങി. മലയാളി ഹാജിമാർ ഉൾപ്പെടെയുള്ള ഇന്ത്യൻ ഹാജിമാരുടെ മദീന സന്ദർശനവും പുരോഗമിക്കുകയാണ്. ഈ മാസം 11-നാണ് കേരളത്തിലേക്കുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക.

Tags:    
News Summary - First Friday after Hajj: Hundreds of thousands of believers throng the iruharam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.