റിയാദ്: പരിസ്ഥിതി സംരക്ഷണ മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി സൗദി അറേബ്യയും റഷ്യയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും റഷ്യൻ പ്രകൃതിവിഭവ-പരിസ്ഥിതി മന്ത്രാലയവും തമ്മിലാണ് കരാർ. പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യം വർധിപ്പിക്കൽ, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം എന്നിവ ലക്ഷ്യമിട്ടാണ് കരാർ.
റഷ്യൻ സന്ദർശന വേളയിൽ സൗദി പരിസ്ഥിതി, ജല, കൃഷി ഉപമന്ത്രി എൻജി. മൻസൂർ അൽമുശൈതിയും റഷ്യൻ പ്രകൃതിവിഭവ-പരിസ്ഥിതി മന്ത്രി അലക്സാണ്ടർ കോസ്ലോവും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളിലെയും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായാണ് സഹകരണം നടപ്പാക്കുക. കരാർ പ്രകാരം, സസ്യജാലങ്ങളുടെ വികസനം, ഭൂനഷ്ടം കുറയ്ക്കൽ, സുസ്ഥിര വന പരിപാലനം എന്നിവയ്ക്ക് പ്രാധാന്യം നൽകും. സംരക്ഷിത പ്രദേശങ്ങൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥകൾക്കും വേണ്ടിയുള്ള മാനേജ്മെൻറ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും സഹകരിക്കും.
പരിസ്ഥിതി നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, മാലിന്യ സംസ്കരണ രീതികൾ മെച്ചപ്പെടുത്തുക, അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ ജീവജാലങ്ങളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമുള്ള ശാസ്ത്രീയ ഗവേഷണങ്ങൾക്ക് പിന്തുണ നൽകുക എന്നിവയും കരാറിെൻറ പരിധിയിൽ വരും. കൂടാതെ, വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജീവികളുടെയും നിയമവിരുദ്ധ വ്യാപാരത്തിനെതിരായ നടപടികൾ ശക്തമാക്കുന്നതിനും ദേശാടന പക്ഷികളുടെ സഞ്ചാരപാതകളും വിശ്രമകേന്ദ്രങ്ങളും സംരക്ഷിക്കുന്നതിനും സംയുക്തമായി പ്രവർത്തിക്കും.
ആവാസവ്യവസ്ഥകളും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് സാങ്കേതിക വൈദഗ്ധ്യവും അറിവും പരസ്പരം കൈമാറാനും ധാരണയായി. കരാറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതും പുരോഗതി വിലയിരുത്തുന്നതും നിരീക്ഷിക്കുന്നതിനായി വരും ഘട്ടത്തിൽ സംയുക്ത വർക്കിങ് ഗ്രൂപ്പ് രൂപവത്കരിക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.