സൗദിയിലെ നിയുക്ത ഇന്ത്യൻ അംബാസഡർ വിപുൽ ഖത്തറിലെ ഒരു ജനകീയ പരിപാടിയിൽ
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ വിപുൽ ഉടൻ ചുമതലയേൽക്കും. ഖത്തർ, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നേരത്തെ സേവനമനുഷ്ഠിച്ച അദ്ദേഹം, പ്രവാസികൾക്കിടയിൽ അങ്ങേയറ്റം ജനകീയനും വിപുലമായ സൗഹൃദവലയമുള്ളതുമായ വ്യക്തിത്വമാണെന്ന് മുൻകാല സഹപ്രവർത്തകരും പ്രവാസി സമൂഹവും സാക്ഷ്യപ്പെടുത്തുന്നു. ഗൾഫ് മേഖലയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും സജീവമായി ഇടപെടുകയും പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിൽ വിപുൽ കാണിക്കുന്ന സ്ഥിരോത്സാഹം പ്രശംസനീയമാണെന്ന് ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരിയും പ്രമുഖ പൊതുപ്രവർത്തകനുമായ ഹൈദർ ചുങ്കത്തറ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാസങ്ങളിൽ പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിന്നപ്പോൾ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഊഷ്മളമായി നിലനിർത്തുന്നതിനും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണെന്നും പ്രവാസികൾ ഓർക്കുന്നു. ഒരു ഫോൺ കാളിലോ ഇ-മെയിലിലോ സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കുന്നത്ര ലളിതമാണ് അദ്ദേഹത്തിെൻറ ഇടപെടലുകളെന്നും ഖത്തർ പ്രവാസികൾ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, സാമൂഹിക ബന്ധങ്ങൾ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന ഈ കാലഘട്ടത്തിൽ വലിയ പ്രതീക്ഷകളോടെയാണ് 27 ലക്ഷത്തോളം വരുന്ന സൗദിയിലെ ഇന്ത്യൻ സമൂഹം പുതിയ അംബാസഡറെ കാത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മകളിലൊന്നായ സൗദിയിലെ ഇന്ത്യൻ സമൂഹം തൊഴിൽ, വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ നിർണായക സാന്നിധ്യമാണ്.
പ്രവാസികളുമായി നേരിട്ട് സംവദിക്കുന്ന ഒരു ജനകീയ പ്രതിനിധി എത്തുന്നതോടെ തങ്ങളുടെ ആവശ്യങ്ങൾക്കും തൊഴിൽപരമായ പ്രശ്നങ്ങൾക്കും വേഗത്തിൽ പരിഹാരമുണ്ടാകുമെന്നും കോൺസുലർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നും സാമൂഹിക-സാംസ്കാരിക സംഘടനകൾ പ്രത്യാശ പ്രകടിപ്പിക്കുന്നു. ബിസിനസ്, നിക്ഷേപ മേഖലകളിലുള്ളവരും പുതിയ അംബാസഡറുടെ വരവിനെ ഏറെ താൽപര്യത്തോടെയാണ് നോക്കിക്കാണുന്നത്. സൗദിയിൽ വിദേശ നിക്ഷേപകർക്കായി തുറന്നുനൽകിയിട്ടുള്ള വിപുലമായ അവസരങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സഹായിക്കുന്ന പുതിയ പദ്ധതികളും നീക്കങ്ങളും അദ്ദേഹത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് സംരംഭക ലോകത്തിെൻറ പ്രതീക്ഷ.
നിലവിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ സൗദിയുടെ വിവിധ പ്രവിശ്യകൾ സന്ദർശിച്ച് പ്രവാസികളുമായി നേരിട്ട് സംവദിക്കുകയും അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയുകയും ചെയ്തുകൊണ്ട് ജനമനസ്സുകളിൽ ഇടംനേടിയ ഉദ്യോഗസ്ഥനാണ്. ഇന്ത്യയിൽ നിന്നെത്തുന്ന ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനും അവരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാനും അദ്ദേഹം നേരിട്ട് വിമാനത്താവളങ്ങളിലും ക്യാമ്പുകളിലും എത്തിയിരുന്ന ജാഗ്രത പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമായിരുന്നു. വർഷങ്ങളായി സജീവമായ ഇടപെടലുകൾ നടത്തിയ ഡോ. സുഹേൽ അജാസ് ഖാന് പ്രവാസി സമൂഹം വലിയ രീതിയിലുള്ള യാത്രയയപ്പ് നൽകാൻ ഒരുങ്ങുന്നുണ്ട്.
സൗദി ഭരണകൂടവുമായുള്ള മികച്ച നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം, ഇന്ത്യ-സൗദി തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും പുതിയ അംബാസഡർ വിപുലിന്റെ നേതൃത്വത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് പുതിയ അംബാസഡർ ഉടൻ തന്നെ ചുമതലയേൽക്കാനിരിക്കെ, അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം ഒരുക്കാനുള്ള തിരക്കിട്ട ഒരുക്കങ്ങളിലാണ് സൗദിയിലെ വിവിധ ഇന്ത്യൻ കൂട്ടായ്മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.