റിയാദ്: വിദേശത്ത് തൊഴില്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് നല്‍കാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സ് ഏര്‍പ്പെടുത്തിയ ‘ഇ മൈഗ്രേറ്റ്’ സംവിധാനത്തിലെ അപ്രായോഗിക നിബന്ധനകള്‍ നീക്കുന്നത് സംബന്ധിച്ച മുംബൈ ഹൈ കോടതിയുടെ തീരുമാനം ബുധനാഴ്ച അറിയാം. അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവരും റിക്രൂട്ടിങ് ഏജന്‍സികളും. ഇ മൈഗ്രേഷനിലെ പുതിയ നിയമമനുസരിച്ച് തൊഴിലാളികളെ ആവശ്യമുള്ള വിദേശ തൊഴിലുടമകള്‍ അവരുടെ വിവരങ്ങളും സ്ഥാപനത്തിന്‍െറ വിവരങ്ങളും ഇവക്ക് പിന്തുണയായി നിരവധി രേഖകളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത് സമര്‍പ്പിക്കണം. ഇ മൈഗ്രേഷന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇത് ചെയ്യേണ്ടത്. ഈ നിബന്ധനകളില്‍ ഏറെയും അപ്രായോഗികമാണെന്നും ഇത് മൂലം ക്ളിയറന്‍സ് നല്‍കല്‍ നടപടികള്‍ ഇഴയുകയാണെന്നും വിസ സ്റ്റാമ്പ് ചെയ്ത ആയിരക്കണക്കിന് പാസ്പോര്‍ട്ടുകള്‍ കെട്ടിക്കിടക്കുകയാണെന്നുമുള്ള പരാതി ‘ഗള്‍ഫ് മാധ്യമം’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുംബൈയിലെ നാല് റിക്രൂട്ടിങ് ഏജന്‍സികളാണ് ഹൈകോടതിയെ സമീപിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഹരജിയില്‍ വാദം കേട്ട കോടതി പല നിബന്ധനകളും അപ്രായോഗികമാണെന്ന് നിരീക്ഷിച്ചു. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ ഈ ബുധനാഴ്ച വരെ സമയം അനുവദിക്കുകയായിരുന്നു. അപ്രായോഗികമെന്ന് കോടതി തന്നെ നിരീക്ഷിച്ച സാഹചര്യത്തില്‍ റിക്രൂട്ടിങ് ഏജന്‍സികളും തൊഴിലന്വേഷകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ വിധി എതിരായാല്‍ സൗദി അറേബ്യയിലേക്കടക്കം ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ടിങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിസന്ധി രൂക്ഷമാകുമെന്നുമുള്ള ആശങ്കയുമുണ്ട്.
പത്താം ക്ളാസ് പാസാകാത്തവര്‍ക്കാണ് എമിഗ്രേഷന്‍ ക്ളിയറന്‍സ് വേണ്ടത്. വിസ സ്റ്റാമ്പ് ചെയ്ത ശേഷമാണ് ക്ളിയറന്‍സിന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സിനെ സമീപിക്കേണ്ടത്. തുടര്‍ന്ന് തൊഴിലുടമ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുകയും രേഖകള്‍ അപ്ലോഡ് ചെയ്യുകയും വേണം. ഈ നടപടികള്‍ പൂര്‍ത്തിയായാല്‍ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയുടെയോ കോണ്‍സുലേറ്റിന്‍െറയോ സംഘം ബന്ധപ്പെട്ട തൊഴിലുടമയേയൊ കമ്പനിയെയോ സമീപിച്ച് അപ്ലോഡ് ചെയ്ത വിവരങ്ങളെല്ലാം വസ്തുതാപരമാണോ എന്ന് അന്വേഷിക്കും. തുടര്‍ന്ന് അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സ് ഓഫിസ് ക്ളിയറന്‍സ് നല്‍കും. എന്നാല്‍ ഈ പുതിയ നിയമം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലവിളംബം വരുത്തുന്നാണെന്നും വിദേശ തൊഴില്‍ദായകരെ സംബന്ധിച്ചിടത്തോളം അപ്രായോഗികമായ അനവധി നിബന്ധനകള്‍ നിറഞ്ഞതാണെന്നുമാണ് ആക്ഷേപം. കടുത്ത നടപടിക്രമങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള റിക്രൂട്ടിങ് വേണ്ടെന്ന് വെച്ച്് മറ്റ് രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ അവരെ പ്രേരിപ്പിക്കുമെന്നും റിക്രൂട്ടിങ് ഏജന്‍സികള്‍ പറയുന്നു.
പുതിയ നിബന്ധനകള്‍ നടപ്പായ ശേഷം കഴിഞ്ഞ ഒന്നര മാസത്തിനിടെ എമിഗ്രേഷന്‍ ക്ളിയറന്‍സ് കാത്ത് സൗദി വിസ സ്റ്റാമ്പ് ചെയ്ത മുക്കാല്‍ ലക്ഷം പാസ്പോര്‍ട്ടുകളാണ് ഇന്ത്യയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സ് ഓഫീസുകളില്‍ കെട്ടികിടക്കുന്നത്. വിസ സ്റ്റാമ്പിങ് കഴിഞ്ഞാല്‍ മൂന്നുമാസത്തിനുള്ളില്‍ യാത്ര ചെയ്യണം എന്നാണ് നിയമം. നിരവധി തൊഴില്‍ അന്വേഷകര്‍ വിസ നഷ്ടപ്പെടും എന്ന ആധിയിലാണ്. സൗദി അറേബ്യയിലെ തൊഴിലുടമകളും അസ്വസ്ഥരാണെന്നും വിസകളിന്മേലുള്ള പരിശോധന സംബന്ധിച്ച ചുമതലകള്‍ വേഗത്തില്‍ നിര്‍വഹിക്കാന്‍ വേണ്ടത്ര ആള്‍ശേഷിയോ സംവിധാനമോ സൗദിയിലെ ഇന്ത്യന്‍ മിഷനില്ളെന്നും ഇന്തോ-സൗദി റിക്രൂട്ടിങ് ഏജന്‍സീസ് അസോസിയേഷന്‍ ‘ഇസ്റ’യുടെ ജനറല്‍ സെക്രട്ടറി മുജീബ് ഉപ്പട ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.