ഹറമിൽ ഒരുക്കിയ വാട്ടർ കണ്ടെയ്നറുകളിലൊന്ന്
മക്ക: റമദാനിൽ മക്കയിലെ മസ്ജിദുൽ ഹറമിൽ വിശ്വാസികളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് ഒരുക്കിയത് 20,000 സംസം വാട്ടർ കണ്ടെയ്നറുകൾ. ഉംറ ചെയ്യാനും പ്രാർഥനക്കും എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് സംസം വെള്ളം കുടിക്കാൻ ഇത്രയേറെ സംവിധാനങ്ങൾ ഒരുക്കിയതെന്ന് ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി അറിയിച്ചു.
സംസം വെള്ളം കുടിക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്ന വിശ്വാസികൾ അത് കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അതോറിറ്റി അഭ്യർഥിച്ചു. സംസം കുടിക്കാനുള്ള സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ ശുചിത്വവും മറ്റു നിർദേശങ്ങളും പൂർണമായും പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സംസം വെള്ളത്തിന്റെ വ്യാപകമായ ലഭ്യത ഉറപ്പുവരുത്തിയതിന് പുറമേ ഭക്തർക്ക് അംഗശുദ്ധി വരുത്താനുള്ള വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കിങ് ഫഹദ് എക്സ്പാൻഷൻ വുദു ഏരിയകൾ ഉൾപ്പെടെ ഹറമിൽ വിവിധ ഭാഗങ്ങളിൽ ഈ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഹറമിന്റെ കിഴക്കേ മുറ്റം, മക്ക കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് കമ്പനിക്ക് എതിർവശത്തുള്ള പടിഞ്ഞാറൻ മുറ്റം, കിങ് അബ്ദുൽ അസീസ് എൻഡോവ്മെന്റ് ടവേഴ്സിന് സമീപമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലും വിപുലമായ സൗകര്യങ്ങൾ അംഗശുദ്ധിക്കായി ഒരുക്കിയിട്ടുണ്ട്.
മക്ക കമ്പനിക്കും ദാർ അൽ തൗഹീദിനും ഇടയിലുള്ള കുളിമുറികൾക്കുള്ളിലും വടക്കൻ മുറ്റങ്ങളിലും കൂടുതൽ വുദു സൗകര്യങ്ങൾ ലഭ്യമാണ്. വിശ്വാസികൾ എല്ലായിടത്തും പരമാവധി ശുചിത്വം പാലിക്കുകയും മാർഗനിർദേശങ്ങൾ പൂർണമായും അനുസരിക്കുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
ആത്മീയവും ശാന്തവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരുടെയും പൂർണമായ സഹകരണം അനിവാര്യമാണെന്നും വിശ്വാസികൾക്ക് അവരുടെ മതപരമായ കടമകൾ എളുപ്പത്തിൽ നിർവഹിക്കാൻ എല്ലാവിധ സംവിധാനങ്ങളും മസ്ജിദുൽ ഹറാമിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും ജനറൽ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.