ജിദ്ദ: ഇക്കഴിഞ്ഞ ജൂലൈ മാസം സൗദിയിലെ വിദേശികൾ നിയമാനുസൃതമായി അവരുടെ നാട്ടിലേക്കയ പണത്തിൽ 15.4 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ഇക്കാലയളവിൽ 1,490 കോടി റിയാല്‍ (390 കോടി ഡോളര്‍) ആണ് അംഗീകൃത ബാങ്കുകളും മണി എക്സ്ചേഞ്ചുകളും വഴി വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്.
തുടര്‍ച്ചയായി 17 ആം മാസമാണ് വിദേശികളുടെ പണമയക്കലിൽ വർധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈ മാസം 1,290 കോടി റിയാൽ ആയിരുന്നു സൗദിയിലെ വിദേശികൾ സ്വദേശത്തേക്ക് അയച്ചത്. എന്നാൽ, വിദേശികളുടെ പണമയക്കലിൽ സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയത് ഈ വർഷം മാർച്ച് മാസമാണ്. 1,550 കോടി റിയാലാണ് മാർച്ചിൽ മാത്രം വിദേശികൾ നാട്ടിലേക്കയച്ചത്. ജൂൺ മാസം അത് 1,380 കോടി റിയാലായി കുറഞ്ഞിരുന്നു. ഈ വർഷം ജനുവരി മുതല്‍ ഇതുവരെ വിദേശികളുടെ ശരാശരി പ്രതിമാസ പണമയക്കൽ 1,410 കോടി റിയാലാണ്.
വിദേശികളുടെ പണമയക്കൽ മൊത്തത്തിൽ എടുത്താൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യം മുതൽ ഇതുവരെ 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് വിദേശികള്‍ക്ക് തുടര്‍ച്ചയായി തൊഴിലവസരങ്ങള്‍ ലഭിക്കുന്നതും വിദേശികളുടെ വേതനത്തിലുണ്ടാകുന്ന വര്‍ധനയുമാണ് പണമയക്കൽ തോത് വർധനക്ക് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ച പണത്തിന്റെ തോതിലും വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് ഈ വർഷം ജൂലൈ മാസത്തിൽ 14 ശതമാനമാണ് വർധനവ്.
ഈ വർഷത്തെ ജൂണ്‍ മാസത്തെ അപേക്ഷിച്ച് ആറ് ശതമാനവും ജൂലൈയില്‍ സ്വദേശികള്‍ അയച്ച പണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. ഈ വർഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 4,260 കോടി റിയാലാണ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സ്വദേശികൾ വിദേശങ്ങളിലേക്ക് അയച്ചത്. മുൻ വർഷത്തെ കണക്കിനെക്കാൾ 14 ശതമാനം വർധനവാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.