ജിദ്ദ: ഈ വർഷത്തെ ഹജ്ജിനുശേഷം ആരംഭിച്ച ഉംറ സീസണിൽ ഇതുവരെ 12 ലക്ഷത്തോളം തീർഥാടകർ മക്കയിലെത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുൽഹജ്ജ് 15 (ജൂൺ 11) മുതൽ മുഹറം 30 (ജൂലൈ 25) വരെയുള്ള കണക്കാണിത്. 109 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരാണിവർ. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഉംറ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീർഥാടകരുടെ എണ്ണത്തിൽ 30 ശതമാനവും ഇഷ്യൂ ചെയ്ത ഉംറ വിസകളുടെ എണ്ണത്തിൽ 27 ശതമാനവും വർധനയാണുണ്ടായതെന്ന് മന്ത്രാലയം വിശദീകരിച്ചു. തീർഥാടകർക്കാവശ്യമായ സേവനങ്ങൾ നൽകുന്നതിന് ഉംറ കമ്പനികളും വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏജന്റുമാരും തമ്മിൽ 4,200 കരാറുകളിൽ ഇതിനകം ഒപ്പുവെച്ചു.
തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനുള്ള പുതിയ ഘട്ടത്തിന്റെ തുടക്കമായി നുസുക് പ്ലാറ്റ്ഫോം വഴി വിസ നൽകുന്നത് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തീർഥാടകർക്കും സന്ദർശകർക്കും വേണ്ടിയുള്ള സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ നുസുക് ആപ്പ് വഴി ദുൽഹജ്ജ് 15 മുതൽ ഉംറ പെർമിറ്റുകൾ നൽകിവരുന്നു. തീർഥാടകരെ പിന്തുണക്കുന്ന ഡിജിറ്റൽ സേവനങ്ങൾക്കൊപ്പം എളുപ്പത്തിൽ ഉംറ കർമത്തിനായി ബുക്ക് ചെയ്യാനും പെർമിറ്റുകൾ നൽകാനും ഇത് അനുവദിക്കുന്നു.
സംയോജിത പ്രകടനം, മെച്ചപ്പെട്ട നടപടിക്രമങ്ങൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവക്ക് സാക്ഷ്യം വഹിച്ച ഹജ്ജ് സീസണിന്റെ വിജയത്തിന് ശേഷമാണ് ഉംറക്കുള്ള ഈ വർധിച്ച ആവശ്യം വരുന്നതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. സുഗമമായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിനും നിരവധി ഭാഷകളിൽ അവബോധ ഉള്ളടക്കവും ഡിജിറ്റൽ സേവനങ്ങളും നൽകുന്നതിനിടയിലും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പുതിയ സീസണിനായുള്ള സാങ്കേതികവും പ്രവർത്തനപരവുമായ തയാറെടുപ്പുകൾ നേരത്തെ ആരംഭിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇരുഹറം പള്ളികളിലേക്കുള്ള സന്ദർശകരെ സേവിക്കുന്നതിലും തീർഥാടകർക്ക് ഉയർന്ന തലത്തിലുള്ള സുഖസൗകര്യങ്ങൾ, സുരക്ഷ, സംതൃപ്തി എന്നിവ നൽകുന്നതിലും രാജ്യ നേതൃത്വത്തിെൻറ താല്പര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.