മക്ക മസ്ജിദുൽ ഹറാം
റിയാദ്: മക്ക ഹറമിലെ ബദലുപയോഗത്തിനായി കരുതിവെക്കുന്ന വൈദ്യുതി (ബാക്കപ് ഇലക്ട്രിസിറ്റി) കഴിഞ്ഞ 40 വർഷത്തിനിടെ ഉപയോഗിക്കേണ്ട ആവശ്യമുണ്ടായിട്ടില്ലെന്ന് ഇരു ഹറം പരിപാലന ജനറൽ അതോറിറ്റി സി.ഇ.ഒ ഗാസി അൽശഹ്റാനി പറഞ്ഞു. ജിദ്ദയിൽ ഹജ്ജ് ഉംറ ഉച്ചകോടിയിൽ ‘ഇരു ഹറമുകളിലെ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും സുസ്ഥിരതയുടെ പ്രധാന്യവും ഗുണനിലവാരവും’ എന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മസ്ജിദുൽ ഹറാമിൽ ബാക്കപ് ഇലക്ട്രിസിറ്റി ഉൾപ്പെടെ 11-ലധികം സുപ്രധാന വൈദ്യുതി സ്രോതസ്സുകളാണുള്ളത്. ഈ കാലത്തിനിടയിൽ ബാക്കപ്പിലേക്ക് എത്തേണ്ടി വന്നിട്ടില്ല. റെഗുലർ സോഴ്സുകളിൽനിന്നുള്ള വൈദ്യുതി കൊണ്ടുതന്നെ ഹറമിലെ ആവശ്യം നിവർത്തിക്കാറുണ്ട്. ഇരുഹറമിലെ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും സുസ്ഥിരതയുടെ പ്രാധാന്യവും ഗുണനിലവാരവും സി.ഇ.ഒ ചൂണ്ടിക്കാട്ടി.
മസ്ജിദുൽ ഹറാം മറ്റുള്ളവയിൽനിന്ന് അദ്വിതീയമാണ്. കാരണം ലോകത്തിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രവും ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലവുമാണ്. അതിനാൽ അതിന്റെ സുസ്ഥിരതയുടെ പ്രശ്നം നമുക്ക് അനിവാര്യവും നിർണായകവുമാണ്. സേവന സംവിധാനങ്ങളുടെയും മികവിന്റെയും നിലവാരം ഉയർത്താൻ ഹൈ-ടെക് സ്മാർട്ട് സെൻസർ, അസറ്റ് മാനേജ്മെന്റ് ആപ്ലിക്കേഷനുകൾ സ്വീകരിക്കുന്നതിൽ ബന്ധപ്പെട്ട പങ്കാളികളുമായി പ്രവർത്തിക്കുന്നു. വികലാംഗർക്ക് ആക്സസ് ചെയ്യാവുന്ന സേവനങ്ങളും സംയോജിത ഗതാഗത സംവിധാനവും നൽകുന്നതിന് പദ്ധതികളും നടപ്പാക്കിയതായും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.