രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടി പങ്കെടുക്കാനെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയെ സ്വീകരിക്കുന്നു
ദോഹ: രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടി ഇന്നു മുതൽ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ നടക്കും. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ (ക്യു.എൻ.സി.സി) യു.എന്നിന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടി നവംബർ ആറുവരെ നീണ്ടുനിൽക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിവിധ രാഷ്ട്രത്തലവന്മാരും ഗവ. വകുപ്പ് മേധാവികളും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിവിധ രാഷ്ട്രങ്ങളുടെ തലവന്മാർ കഴിഞ്ഞദിവസം മുതൽ എത്തിതുടങ്ങി. ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലി, നേപ്പാൾ പ്രസിഡന്റ് രാമചന്ദ്ര പൗഡൽ, കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ, ബെൽജിയം രാജാവ് ഫിലിപ്പ്, കോംഗോ പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡി, നമീബിയൻ പ്രധാനമന്ത്രി ഡോ. എലിജ ഗുരാരെ എന്നിവർ തിങ്കളാഴ്ച ദോഹയിലെത്തിയിട്ടുണ്ട്. ചൈനയുടെ വൈസ് പ്രസിഡന്റ് ഹാൻ ഷെങ് ഞായറാഴ്ച വൈകീട്ടോടെ ദോഹയിലെത്തിയിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം പതാക ഉയർത്തൽ ചടങ്ങ് ക്യു.എൻ.സി.സിയിൽ സംഘടിപ്പിച്ചിരുന്നു.
30 വർഷത്തിനു ശേഷമാണ് രണ്ടാമത് സാമൂഹിക ഉച്ചകോടിക്ക് നടക്കുന്നത്. 1995ൽ കോപൻഹേഗനിലായിരുന്നു ആദ്യത്തെ സാമൂഹിക ഉച്ചകോടി നടന്നത്. എല്ലാവർക്കും സാമൂഹിക നീതിയും ക്ഷേമവും ഉറപ്പാക്കുന്നതിനും സമഗ്രവും സുസ്ഥിരവുമായ സാമൂഹിക വികസനത്തിനും വിവിധ മേഖലകളിലെ സഹകരണത്തിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഖത്തർ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. സാമൂഹിക വികസനത്തെക്കുറിച്ചുള്ള ആഗോള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും 2030ലെ സുസ്ഥിര വികസന അജണ്ട നടപ്പാക്കുന്നത് ത്വരിതപ്പെടുത്താനും ഉച്ചകോടി നിർണായക അവസരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.