ലോക സാമൂഹിക വികസന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ നേതാക്കൾ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, യു.എൻ സെക്രട്ടറി ജനറൽ
അന്റോണിയോ ഗുട്ടറസ് എന്നിവർ മുൻനിരയിൽ
ദോഹ: ഫലസ്തീൻ ജനതക്ക് നീതി ലഭിക്കുന്നതുവരെ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ശ്രമങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.
ഫലസ്തീൻ ജനതക്ക് അവരുടെ പ്രദേശങ്ങളിൽ നിയമപരമായ അവകാശങ്ങൾ വിനിയോഗിക്കാൻ സാധിക്കുന്നതുവരെയും പുനർനിർമാണത്തിനുമായി അന്താരാഷ്ട്ര സമൂഹം പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടി ദോഹയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.
ലോക സാമൂഹിക വികസന ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്ത്
സംസാരിക്കുന്നു
സുഡാനിലെ എൽ ഫഷെറിൽ നടന്ന സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ ഖത്തർ അമീർ, കഴിഞ്ഞ രണ്ടര വർഷമായി കൂട്ടക്കൊലയിലൂടെയും നരഹത്യയിലൂടെയും കടന്നുപോകുകയാണെന്ന് പറഞ്ഞു. നരഹത്യ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. സുഡാന്റെ പ്രാദേശിക സമഗ്രത കൈവരിക്കുന്ന ഒരു രാഷ്ട്രീയ പരിഹാരം കൈവരിക്കേണ്ടത് അനിവാര്യമാണെന്നും അമീർ വിശദീകരിച്ചു.
സാമൂഹിക വികസനം എന്നത് ഒരു തെരഞ്ഞെടുപ്പല്ല, അത് അസ്തിത്വപരമായ ആവശ്യകതയാണ്. ഏവർക്കും സുരക്ഷക്കും സ്ഥിരതക്കും വേണ്ടിയുള്ള ഒരു പ്രധാന അടിത്തറയായി സാമൂഹിക വികസനം മാറണമെന്നും അമീർ പറഞ്ഞു.
ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ എല്ലാ സാമൂഹിക വികസന പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുന്നതിനുള്ള അടിത്തറയാകട്ടെ ഉച്ചകോടിയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനവും സ്ഥിരതയും ഇല്ലാതെ ഏതൊരു സമൂഹത്തിലും സാമൂഹിക വികസനം കൈവരിക്കുക അസാധ്യമാണ്, താൽക്കാലികമായ പരിഹാരങ്ങളല്ല മറിച്ച് ആത്യന്തികമായ സമാധാനമാണ് ഏറ്റവും വലുത്.
ഇസ്രായേൽ അധിനിവേശവും ഫലസ്തീൻ ജനത അനുഭവിക്കുന്ന വിവേചനങ്ങളും നാം കാണേണ്ടതുണ്ട്. അതിൽനിന്ന് കരകയറാൻ ഫലസ്തീൻ ജനതക്ക് എല്ലാത്തരം സഹായങ്ങളും ആവശ്യമാണെന്നും അമീർ എടുത്തുപറഞ്ഞു. ഖത്തർ അന്താരാഷ്ട്ര സമൂഹത്തിൽ ഒരു സജീവ പങ്കാളിയായി തുടരും. ഖത്തർ ഡെവലപ്മെന്റ് ഫണ്ട്, ഖത്തർ ചാരിറ്റി തുടങ്ങിയവയിലൂടെ സാമൂഹിക വികസനത്തിനായി നിരവധി രാജ്യങ്ങൾക്ക് നൽകുന്ന സഹായങ്ങൾ നൽകുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഖത്തർ അമീർ പറഞ്ഞു.
1995ൽ കോപൻഹേഗനിലായിരുന്നു ആദ്യത്തെ സാമൂഹിക ഉച്ചകോടി നടന്നത്. എല്ലാവർക്കും സാമൂഹിക നീതിയും ക്ഷേമവും ഉറപ്പാക്കുന്നതിനും സമഗ്രവും സുസ്ഥിരവുമായ സാമൂഹിക വികസനത്തിനും വിവിധ മേഖലകളിലെ സഹകരണത്തിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഖത്തർ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
സാമൂഹിക വികസനത്തെക്കുറിച്ചുള്ള ആഗോള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും 2030ലെ സുസ്ഥിര വികസന അജണ്ട നടപ്പാക്കുന്നത് ത്വരിതപ്പെടുത്താനും ഉച്ചകോടി നിർണായക അവസരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.