മാ​നേ​ജ്​​മെ​ന്‍റ്​ ആ​ദ​ര​മാ​യി ലോ​ക​ക​പ്പ്​ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങി​യ ക്യു.​ആ​ർ.​ഐ ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​ർ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ല്ല തെ​രു​വ​ത്തി​നൊ​പ്പം 

ജീവനക്കാർക്ക് സർപ്രൈസ് ഗിഫ്റ്റായി ലോകകപ്പ് ടിക്കറ്റ്

ദോഹ: മുറ്റത്തൊരു ലോകകപ്പ് ഫുട്ബാൾ മാമാങ്കം നടക്കുമ്പോൾ ഗാലറിയിലെത്തി കളികാണാൻ മോഹിക്കാത്തവരായി ഖത്തറിൽ ആരുംതന്നെയുണ്ടാവില്ല. എന്നാൽ, അക്കൗണ്ടിൽ പണമുണ്ടായിട്ടും ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കുകയെന്നത് ഖത്തറിലെ പ്രവാസികൾക്കും ഒരു ഭാഗ്യപരീക്ഷണമാണ്. ഓൺലൈനിൽ കുത്തിയിരുന്ന് ബുക്ക് ചെയ്തിട്ടും ഒരുടിക്കറ്റ് പോലും ലഭിക്കാത്തവർ നിരവധിയുണ്ട്.

ഇതിനിടയിലാണ് തങ്ങളുടെ ജീവനക്കാർക്ക് ലോകകപ്പ് ടിക്കറ്റ് സർപ്രൈസ് ഗിഫ്റ്റായി നൽകി ഒരു സ്ഥാപന ഉടമ ഞെട്ടിച്ചിരിക്കുന്നത്. തൃശൂർ ചാവക്കാട് സ്വദേശിയും ഖത്തറിൽ പെട്രോകെമിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന ക്യു.ആർ.ഐ ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ അബ്ദുല്ല തെരുവത്താണ് മൂല്യമേറിയ ലോകകപ്പ് ടിക്കറ്റ് അപ്രതീക്ഷിത സമ്മാനമായി സ്വന്തം ജീവനക്കാർക്ക് നൽകിയിരിക്കുന്നത്.

സ്ഥാപനത്തിൽ ഏറ്റവും കൂടുതൽകാലം സേവനംചെയ്ത ഒമ്പതുപേർക്കായിരുന്നു വാർഷിക അനുമോദനച്ചടങ്ങിൽ മറ്റു സമ്മാനങ്ങൾക്കൊപ്പം വിവിധ മത്സരങ്ങൾക്കായുള്ള ടിക്കറ്റും നൽകിയത്. കഴിഞ്ഞ ദിവസം ഒറിക്സ് വില്ലേജ് ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നു മത്സര ടിക്കറ്റുകളുടെ വിതരണം.

തീർത്തും രഹസ്യമായി തൊഴിലാളികൾക്ക് ആർക്കും ഒരു സൂചനയും നൽകാതെയായിരുന്നു ടിക്കറ്റുകൾ ബുക്ക് ചെയ്തതും അനുമോദനച്ചടങ്ങിൽ കൈമാറിയതുമെന്ന് അബ്ദുല്ല തെരുവത്ത് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

ലേബർ, എൻജിനീയർ, ഡ്രൈവർ, എച്ച്.ആർ വിഭാഗം ജീവനക്കാർ, സിവിൽ, പെയിന്‍റർ ഉൾപ്പെടെ വിവിധ മേഖലകളിലുള്ള തങ്ങളുടെ ജീവനക്കാരെയാണ് ഇവർ ആദരിച്ചത്.

ഡിസംബർ 18ന് നടക്കുന്ന ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റും സമ്മാനിച്ചവയിൽപെടും. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ജീവനക്കാരെയാണ് ആദരിച്ചത്.

ചടങ്ങിൽ ക്യു.ആർ.ഐ ചെയർമാൻ അയേദ് ഉമൈറാൻ അൽ ഫിഹൈദ, ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്‍റ് വിനോദ് നായർ, ജനറൽ സെക്രട്ടറി സാബിത് സഹീർ എന്നിവർ പങ്കെടുത്തു. തൊഴിലാളികളുടെ ഐ.സി.ബി.എഫ് ഇൻഷുറൻസ് അപേക്ഷയും കൈമാറി. 

Tags:    
News Summary - World Cup tickets as a surprise gift for employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT