ദോഹ: ഒക്ടോബറില്‍ നടക്കുന്ന നിര്‍ണായക ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നൊരുക്കവുമായി ഖത്തര്‍. ഈ മാസം 11 മുതല്‍ 27 വരെ ടീം ഓസ്ട്രിയയില്‍ പരിശീലനം നടത്തും. ഓസ്ട്രിയയില്‍ 17 ദിവസത്തെ പരിശീലനത്തിനൊപ്പം രണ്ടു സൗഹൃദ മത്സരങ്ങളും ഖത്തര്‍ കളിക്കും. ഓസ്ട്രിയയിലേക്കുള്ള 30 അംഗ സംഘത്തെയും കോച്ച് യുലന്‍ ലോപെറ്റഗ്വി പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റന്‍ ഹസന് അല്‍ ഹൈദോസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ശേഷം മുൻ ക്യാപ്റ്റൻ ഹസന് അല്‍ ഹൈദോസിനെ തിരിച്ചുവിളിച്ചത് ശ്രദ്ധേയമാണ്. ഖത്തറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഹൈദോസ് 183 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്നായി 41 ഗോളുകൾ നേടിയിട്ടുണ്ട്. 2019, 2023 വർഷങ്ങളിൽ ഖത്തർ എ.എഫ്.സി ഏഷ്യൻ കപ്പ് വിജയങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
മെഷാൽ ബർഷാം, സലാഹ് സകറിയ, മർവാൻ ഷെരീഫ്, ഷിഹാബ് അൽ ലെത്തി എന്നീ നാല് ഗോൾകീപ്പർമാരാണ് ടീമിലുള്ളത്. അക്രം അഫീഫ്, അൽമോസ് അലി, എഡ്മിൽസൺ ജൂനിയർ, പെഡ്രോ മിഗുവൽ, ബസാം അൽ റാവി, ബൗലേം ഖൗഖി, കരിം ബൗദിയാഫ്, ഇസ്മയിൽ മുഹമ്മദ് തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അൽസദ്ദ് മിഡ്ഫീൽഡർ ഗിൽഹേമം ടോറസ്, പ്രതിരോധ നിരക്കാരായ യൂസുഫ് അയ്മൻ (അൽ ദുഹൈൽ), അബ്ദുല്ല അൽ യാസിദ് (അൽ സദ്ദ്) എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബറില്‍ ഖത്തറിലും സൗദിയിലുമായി നടക്കുന്ന നാലാം റൗണ്ട് യോഗ്യത മത്സരങ്ങളില്‍ ഗ്രൂപ് ചാമ്പ്യന്മാരായാല് അമേരിക്കന്‍ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാം. രണ്ടാം സ്ഥാനക്കാരായാല്‍ ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫ് മത്സരം കളിച്ച് ഭാഗ്യപരീക്ഷണത്തിന് അവസരമുണ്ട്.
ഏഷ്യയില്‍നിന്നും നേരിട്ട് രണ്ട് ടീമുകള്‍ക്കാണ് ഇനി ലോകകപ്പ് ബെര്‍ത്തിന് അവസരമുള്ളത്. ഖത്തറും സൗദിയും അടക്കം ആറ് ടീമുകളാണ് ഇതിനായി മത്സര രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.