ദോഹ: ഞായറാഴ്ച ആരംഭിക്കുന്ന വെബ് ഉച്ചകോടി ഖത്തർ രണ്ടാം പതിപ്പിന്റെ തയാറെടുപ്പുകൾ പൂർത്തിയായതായി ഗവൺമെന്റ് കമ്യൂണിക്കേഷൻസ് ഓഫിസ് അറിയിച്ചു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സംരംഭകർ, നിക്ഷേപകർ, നേതാക്കൾ, സാങ്കേതികമേഖലയിലെ വിദഗ്ധർ എന്നിവരുൾപ്പെടെ കാൽലക്ഷത്തിലധികം പേർ നാലുദിവസം നീളുന്ന ഉച്ചകോടിയുടെ ഭാഗമാകും.
മിഡിലീസ്റ്റും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മെന മേഖലയിലെ ഏറ്റവും വലിയ സാങ്കേതിക പരിപാടിയുടെ രണ്ടാം പതിപ്പിന്റെ വിവരങ്ങൾ പുറത്തുവിടുന്നതിന് വെബ് ഉച്ചകോടിയുമായി സഹകരിച്ച് നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സാങ്കേതികവിദ്യക്കും ഇന്നവേഷനുമുള്ള ആഗോള കേന്ദ്രമെന്നനിലയിൽ ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് അഞ്ചുവർഷത്തെ വെബ് സമ്മിറ്റുമായുള്ള കരാറിലൂടെ ലക്ഷ്യമിടുന്നത്.
ഉച്ചകോടിയിൽ 1500ലധികം സ്റ്റാർട്ടപ് കമ്പനികളാണ് സാന്നിധ്യമറിയിക്കുന്നത്. പങ്കെടുക്കുന്ന സ്റ്റാർട്ടപ് കമ്പനികളുടെ 46 ശതമാനവും സ്ഥാപിച്ചത് സ്ത്രീകളാണെന്ന സവിശേഷതയും ഉണ്ട്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഖത്തരി സ്റ്റാർട്ടപ്പുകളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 140 ശതമാനം വർധിച്ചതായി ജി.സി.ഒ ചൂണ്ടിക്കാട്ടി.
300ലധികം പ്രഭാഷകരും 150 പങ്കാളികളും ഉച്ചകോടി റിപ്പോർട്ട് ചെയ്യുന്നതിനായി 600 മാധ്യമ സ്ഥാപനങ്ങളും വെബ് ഉച്ചകോടി ഖത്തറിൽ പങ്കെടുക്കാനായി ദോഹയിലെത്തും.
മുൻവർഷത്തേതിൽനിന്ന് വ്യത്യസ്തമായി വലിയ പങ്കാളിത്തത്തോടെയാണ് രണ്ടാം പതിപ്പിന് ഒരുങ്ങുന്നതെന്നും ജി.സി.ഒ മേധാവിയും വെബ് ഉച്ചകോടി ഖത്തർ ആതിഥേയത്വം വഹിക്കുന്നതിനുള്ള സ്ഥിരം സമിതി അധ്യക്ഷനുമായ ശൈഖ് ജാസിം ബിൻ മൻസൂർ ബിൻ ജാബർ ആൽഥാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെബ് ഉച്ചകോടിയുടെ ഈ വർഷത്തെ പതിപ്പിൽ സ്റ്റാർട്ടപ്പുകളുടെ അഭൂതപൂർവമായ പങ്കാളിത്തം വെബ് സമ്മിറ്റ് സ്ഥാപകനും സി.ഇ.ഒയുമായ പാഡി കോസ്ഗ്രേവ് ചൂണ്ടിക്കാട്ടി. ആകെ സ്റ്റാർട്ടപ്പുകളിൽ 85 ശതമാനവും ഖത്തറിന് പുറത്ത് നിന്നുള്ളവയാണ്. മുൻവർഷത്തേക്കാൾ 50 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോസ്ഗ്രേവ് പറഞ്ഞു.
200ലധികം ഖത്തരി സ്റ്റാർട്ടപ്പുകൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുവെന്നതിൽ ഏറെ അഭിമാനമുണ്ടെന്നും രാജ്യത്തെ സംരംഭകത്വ പരിസ്ഥിതിയുടെ വികസനത്തിന്റെയും സ്റ്റാർട്ടപ്പുകൾക്ക് അധികൃതരിൽനിന്ന് ലഭിക്കുന്ന പിന്തുണയുടെയും വ്യക്തമായ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, ദേശീയ ആസൂത്രണ സമിതി സെക്രട്ടറി ജനറൽ അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ, ഖത്തർ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസി സി.ഇ.ഒ ശൈഖ് അലി ബിൻ അൽ വലീദ് ആൽഥാനി, ഖത്തർ എയർവേയ്സ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.
ക്യു.ആർ.ഡി.ഐ കൗൺസിൽ സെക്രട്ടറി ജനറൽ ഒമർ അൽ അൻസാരി, ക്യു.ഐ.എ ടെക്നോളജി ആൻഡ് കമ്യൂണിക്കേഷൻസ് ഇൻവെസ്റ്റ്മെന്റ് മേധാവി മുഹമ്മദ് അൽ ഹർദാൻ, ക്യു.ഡി.ബി സി.ഇ.ഒ അബ്ദുറഹ്മാൻ ഹിഷാം അൽ സുവൈദി, ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി, ദി വാൾസ്ട്രീറ്റ് ജേണലിസ്റ്റ് ഉടമ ഡൗ ജോൺസ് സി.ഇ.ഒ അൽമർ ലത്തൂർ, സ്കെയിൽ എ.ഐ സ്ഥാപകനും സി.ഇ.ഒയുമായ അലക്സാണ്ടർ വാങ്, സെവൻ സെവൻ സിക്സ് സ്ഥാപകനും പങ്കാളിയുമായ അലക്സിസ് ഒഹാനിയൻ എന്നിവർ മുഖ്യ പ്രഭാഷകരാണ്.
ഐ.ടി വാർത്താവിതരണ മന്ത്രാലയം, ക്യു.ഐ.എ, ക്യു.എഫ്.സി, ക്യു.ഡി.ബി, വിസിറ്റ് ഖത്തർ, ക്യു.ആർ.ഡി.ഐ, ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക്, ഖത്തർ എയർവേയ്സ്, ക്യു.എൻ.ബി, ഉരീദു, മെറ്റ, ഐഹാർട്ട് മീഡിയ, ക്വാണ്ടംബ്ലാക്ക്, മൈക്രോസോഫ്റ്റ്, ആക്സഞ്ചർ, ടിക് ടോക്, ഹ്വാവേ എന്നിവരാണ് ഉച്ചകോടിയുടെ പങ്കാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.