നാഷനൽ കമാൻഡ് സെന്ററിലെത്തി വതൻ എക്സസൈസ് പരിശോധിക്കുന്ന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ
ദോഹ: ആഭ്യന്തര സുരക്ഷ സൈനിക അഭ്യാസപ്രകടനമായ ‘വതൻ എക്സസൈസിന് ഞായറാഴ്ച തുടക്കമായി. നവംബർ 13 വരെ നീളുന്ന സുരക്ഷാ അഭ്യാസത്തിൽ ഖത്തറിലെ സൈനിക, പൊലീസ് ഉൾപ്പെടെ വിവിധ സുരക്ഷ വിഭാഗങ്ങളും വിവിധ മന്ത്രാലയങ്ങളും മെഡിക്കൽ സംവിധാനങ്ങളും ഉൾപ്പെടെ 70 സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തന, പ്രതികരണ ശേഷി മികവുറ്റതാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ‘വതൻ’ അഭ്യാസ പ്രകടനത്തിൽ ഇത്തവണ ഇറ്റാലിയൻ സുരക്ഷ സൈനിക വിഭാഗങ്ങൾ അതിഥികളായി പങ്കെടുക്കുന്നുണ്ട്. നേരത്തേ തന്നെ സൈനിക വിഭാഗങ്ങൾ ദോഹയിലെത്തി.
സൈനിക,സുരക്ഷ, സിവിലിയൻ വിഭാഗങ്ങൾ തമ്മിൽ ഏകോപനവും, അടിയന്തര സാഹചര്യങ്ങളിൽ സംയുക്ത ഓപറേഷനുകളും നീക്കങ്ങളും നടത്താനുള്ള മികവും, ദുർഘടസാഹചര്യങ്ങളിൽ ഫലപ്രദമായി പ്രതികരിക്കാനുള്ള പ്രാപ്തിയും നൽകുകയാണ് വതൻ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഞായറാഴ്ച ആരംഭിച്ച വതൻ എക്സസൈസിൽ നിന്ന്
ആറു ഘട്ടങ്ങളിലായി അഭ്യാസ പ്രകടനം നടക്കുമെന്ന് വതൻ ലീഡർഷിപ് ആൻഡ് കൺട്രോൾ സെൽ കമാൻഡർ മേജർ മുഹമ്മദ് അഹമ്മദ് ജാബിർ അബ്ദുല്ല നേരത്തേ അറിയിച്ചിരുന്നു. പ്രാഥമിക ഘട്ടം, റെഡിനസ്, പ്രിപ്പറേഷൻ, ഓഫിസ് കേന്ദ്രമാക്കിയുള്ള അഭ്യാസങ്ങൾ, ഫീൽഡ് അഭ്യാസങ്ങൾ, സമാപന പ്രകടനം എന്നിവയാണ് ആറ് ഘട്ടങ്ങൾ.
ഖത്തറിലെ കര, കടൽ, ആകാശം ഉൾപ്പെടെ മുഴുവൻ മേഖലകളും ഉൾപ്പെടെയാവും പരിശീലനം നടക്കുന്നത്. വിനോദ സഞ്ചാരകേന്ദ്രങ്ങൾ, സർവിസ് സ്ഥാപനങ്ങൾ, താമസ കേന്ദ്രങ്ങൾ, പ്രധാന റോഡുകൾ, ഷോപ്പിങ് സെന്ററുകൾ ഉൾപ്പെടെ വിവിധ ഇടങ്ങൾ സൈനിക-സുരക്ഷ അഭ്യാസ വേദികളായി മാറും.
പരിശീലന പരിപാടി ആരംഭിച്ച ഞായറാഴ്ച പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ നാഷനൽ കമാൻഡ് സെന്റർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.