ദോഹ: ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് (എജുക്കേഷൻ വൗച്ചറുകൾ) അപേക്ഷിക്കാനുള്ള തീയതികൾ ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. 2025 -26 വർഷത്തേക്കുള്ള അപേക്ഷകൾ മാർച്ച് 26ന് രാവിലെ 11 മണിക്ക് മുമ്പ് സമർപ്പിക്കണം.
നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ ഈ അധ്യയന വർഷത്തിൽ സ്വീകരിക്കുന്നതല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, 2026-27 അധ്യയന വർഷത്തേക്കുള്ള പുതിയ അപേക്ഷകൾ ഏപ്രിൽ 12 മുതൽ ആരംഭിക്കും.
നിലവിലുള്ളതും വരാനിരിക്കുന്നതുമായ അധ്യയന വർഷങ്ങളിലേക്ക് രജിസ്റ്റർ ചെയ്യാൻ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. മന്ത്രാലയത്തിന് കീഴിലുള്ള സ്പെഷൽ എജുക്കേഷൻ ആൻഡ് ഇൻക്ലൂസിവ് എജുക്കേഷൻ ഡിപ്പാർട്മെന്റും പ്രൈവറ്റ് സ്കൂൾ ലൈസൻസിങ് ഡിപ്പാർട്മെന്റും സംയുക്തമായാണ് ഭിന്നശേഷി വിദ്യാർഥികൾക്കുള്ള വൗച്ചർ ലഭ്യമാക്കുന്നത്. വിദ്യാർഥികൾക്ക് ആവശ്യമായ സേവനങ്ങളുടെ സ്വഭാവമനുസരിച്ച് മൂന്ന് തലത്തിലുള്ള വിദ്യാഭ്യാസ വൗച്ചറുകളാണ് ലഭിക്കുക. ഒന്നിലധികം വൈകല്യങ്ങളുള്ളവർ, കേൾവി പരിമിതിയുള്ളവർ, ശാരീരിക -ചലന പരിമിതിയുള്ളവർ, കാഴ്ച പരിമിതിയുള്ളവർ,
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബാധിച്ചവർ തുടങ്ങിയ ഭിന്നശേഷിക്കാർക്ക് ഈ വൗച്ചറുകൾ ലഭിക്കും. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പിന്തുണക്കാനും അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. പ്രഖ്യാപിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ അപേക്ഷകൾ പൂർത്തിയാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.