സിറിയയിലെ അനാഥ കുട്ടികൾക്ക് ക്യു.ആർ.സി.എസ് സഹായമെത്തിച്ചപ്പോൾ
ദോഹ: ദുരന്തങ്ങളോ യുദ്ധമോ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായവുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (ക്യു.ആർ.സി.എസ്) റമദാൻ കാമ്പയിൻ. പദ്ധതിയുടെ ഭാഗമായി ഗസ്സ, യെമൻ, സുഡാൻ, സിറിയ, സൊമാലിയ, നൈജീരിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ലെബനൻ, ജോർഡൻ എന്നിവിടങ്ങളിലെ ദുരിതബാധിതരെയും ദുർബലരെയും സഹായിക്കുന്നതിനായി വിവധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി ഫണ്ട് ശേഖരിച്ചുവരുകയാണ്.
ദുരിതബാധിത പ്രദേശങ്ങളിൽ നിരവിധി സഹായ പ്രവർത്തനങ്ങളാണ് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി നടപ്പാക്കുന്നത്. ഈ മേഖലകളിൽ കുടിവെള്ളം ഉറപ്പാക്കുന്നതിന്, 3.98 കോടി ഖത്തർ റിയാൽ ചെലവിൽ പത്ത് രാജ്യങ്ങളിലായി 25 ജല -ശുചിത്വ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിലൂടെ 3,669,846 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. ഇലക്ട്രിക് വാട്ടർ കൂളറുകൾ, കിണറുകൾ, സോളാർ പമ്പുകൾ, ജലശുദ്ധീകരണ പ്ലാന്റുകൾ, കുടിവെള്ള ടാങ്കറുകൾ, ശുചിമുറികൾ എന്നിവ ഈ പദ്ധതിയിലൂടെ നിർമിക്കുന്നു.
യുദ്ധങ്ങളുടെയും പരിസ്ഥിതി ദുരിതങ്ങളുടെയും ആദ്യ ഇരകൾ മിക്കപ്പോഴും കുട്ടികളാണ്. പലായനവും പ്രതിസന്ധികളും കാരണം അവരുടെ പഠനം മുടങ്ങുന്നു. ദുരന്ത ബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ പഠനം ഉറപ്പാക്കുന്നതിന് വിപുലമായ പദ്ധതികളാണ് ക്യു.ആർ.സി.എസ് ആസൂത്രണം ചെയ്തിട്ടുള്ളത്. എട്ട് രാജ്യങ്ങളിലായി 24,230 കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന 12 പദ്ധതികളാണ് നടപ്പിലാക്കുന്നത്. 1.2,9 കോടി ഖത്തർ റിയാൽ ചെലവ് വരുന്ന പദ്ധതികളാണിത്. സ്കൂളുകളുടെ നവീകരണം, പഠനസാമഗ്രികളുടെ വിതരണം, വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് എന്നിവ ഇതിൽ ഉൾപ്പടുന്നു.
കൂടാതെ, അനാഥകൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിവധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. നാല് രാജ്യങ്ങളിലായി 56,300ലധികം ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്ന ഒമ്പത് പദ്ധതികളാണുള്ളത്. ഇവർക്ക് ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യ സംരക്ഷണം തുടങ്ങിയ സേവനങ്ങൾ ഉറപ്പാക്കുന്നു. ലക്ഷക്കണക്കിന് അഭയാർത്ഥികൾക്കും ദുരിതബാധിതർക്കും സഹായമൊരുക്കുന്ന ക്യു.ആർ.സി.എസ് പദ്ധതികളിൽ വെബ്സൈറ്റ്, മൊബൈൽ ആപ്പ് വഴി എല്ലാവർക്കാം സംഭാവന നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.