റമദാൻ മാസം എത്തുമ്പോൾ ഓരോരുത്തരുടെയും മനസ്സിലേക്ക് അനേകം ഓർമ്മകൾ തിരികെ എത്തും. ബാല്യകാലത്തെ നോമ്പുകളും, കുടുംബത്തോടൊപ്പം നടത്തിയ നോമ്പുതുറകളുടെ നിമിഷങ്ങളും, പ്രവാസ ജീവിതത്തിലെ റമദാനും -ഓരോന്നും ജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങളാണ്. കാലം മാറുമ്പോൾ സാഹചര്യങ്ങളും മാറുന്നു. എന്നാൽ റമദാന്റെ ആത്മീയതയും അതിനോട് ചേർന്ന ഓർമകളുടെ മാധുര്യവും ഒരിക്കലും മാറുന്നില്ല.
2004 നവംബറിലെ റമദാനിലാണ് ഞാൻ ആദ്യമായി ഖത്തറിൽ എത്തുന്നത്. എയർപോർട്ടിൽനിന്ന് ബന്ധുക്കളോടൊപ്പം നേരെ സൂഖ് വാഖിഫിന് സമീപമുള്ള ഒരു റൂമിലേക്കായിരുന്നു യാത്ര. യാത്രയുടെ ക്ഷീണം മാറും മുമ്പ് തന്നെ സമയം വൈകുന്നേരം 4.30 ആയി. അപ്പോൾ ആരോ പറഞ്ഞു: “നോമ്പ് തുറക്കാൻ സമയമായി.”
ആ വാക്ക് കേട്ടപ്പോൾ എനിക്ക് വലിയ അത്ഭുതം തോന്നി. “ഇത്ര നേരത്തെ ആണോ നോമ്പ് തുറക്കുന്നത്?” എന്നായിരുന്നു ആദ്യ ചിന്ത. പിന്നീട് ഇവിടെ സമയം നാട്ടിലെ സമയത്തേക്കാൾ വ്യത്യസ്തമാണെന്നും സൂര്യാസ്തമയം നേരത്തെയാണെന്നും അവർ പറഞ്ഞു മനസ്സിലാക്കി. ചെറിയ ആശ്ചര്യം ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.
അങ്ങനെ ഖത്തറിലെ ആദ്യ നോമ്പ് തുറന്നു. അന്നാണ് ഞാൻ ആദ്യമായി ഒരു പ്രത്യേക പാനീയം രുചിച്ചത് -ഷമാം ജ്യൂസ്. ഇതുവരെ രുചിയറിയാത്ത ജ്യൂസ് ആയതിനാൽ ആദ്യ ദിവസം അത്ര ഇഷ്ടമായില്ല. എന്നാൽ ദിവസങ്ങൾ കടന്നുപോയപ്പോൾ അതിന്റെ രുചിയോടുള്ള ഇഷ്ടവും കൂടിയെത്തി. ഇന്ന് നോമ്പുതുറയുടെ സമയത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന പാനീയങ്ങളിൽ ഒന്നായി അത് മാറിയിരിക്കുന്നു.
അങ്ങനെ ദിവസങ്ങൾ മുന്നോട്ട് നീങ്ങി. ഒരു നോമ്പ്, രണ്ട് നോമ്പ്… പിന്നെ എത്രയോ നോമ്പുകാലങ്ങൾ. ഓരോ ദിവസവും ഒരേ പോലെ തോന്നിയാലും ഓരോ നോമ്പിനും സ്വന്തം അനുഭവങ്ങളുണ്ട്. ചിലപ്പോൾ കൂട്ടുകാരോടൊപ്പം, ചിലപ്പോൾ ബന്ധുക്കളോടൊപ്പം, ചിലപ്പോൾ സംഘടനകളോടൊപ്പം, ചിലപ്പോൾ നാടിനെയും വീടിനെയും ഓർത്ത്.
ഈ ലോകം പല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതുപോലെ തന്നെ റമദാൻ മാസങ്ങളും പല കാലഘട്ടങ്ങൾ കണ്ടിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡ് കാലത്തെ നോമ്പുകൾ. ആളുകൾ തമ്മിൽ അകലം പാലിക്കേണ്ടി വന്നിരുന്ന, പള്ളികളിൽ പോലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ദിവസങ്ങൾ.
ഇപ്പോൾ വീണ്ടും ലോകം മറ്റൊരു ആശങ്കയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വാർത്തകളിൽ കേൾക്കുന്ന മിസൈലുകളും, നേരിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന യുദ്ധഭീതിയുടെയും നടുവിലാണ് ഈ നോമ്പ് കാലം കടന്നുപോകുന്നത്. ഈ സമയവും കടന്നു പോകും എന്ന പ്രത്യാശയോടെ ഓരോ നോമ്പും തുറക്കുന്നു -ആർഭാടങ്ങളില്ലാതെ… ആഘോഷങ്ങളില്ലാതെ…
എല്ലാത്തിനുമപ്പുറം റമദാൻ നമ്മെ പഠിപ്പിക്കുന്നത് സഹനവും പ്രാർത്ഥനയും തന്നെയാണ്. സാഹചര്യങ്ങൾ എത്ര മാറിയാലും മനുഷ്യന്റെ വിശ്വാസവും സമാധാനത്തിനുള്ള പ്രാർത്ഥനയും ഒരിക്കലും അവസാനിക്കുന്നില്ല.
ഓരോ നോമ്പുതുറയും മനുഷ്യനെ നന്ദിയുടെയും ആത്മപരിശോധനയുടെയും നിമിഷങ്ങളിലേക്ക് നയിക്കുന്നു. വിശപ്പും ദാഹവും സഹിക്കുന്നതിലൂടെ മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാനും മനുഷ്യന് കഴിയുന്നു.
അതുകൊണ്ട് തന്നെ ഓരോ റമളാനും നമ്മെ വീണ്ടും ഓർമിപ്പിക്കുന്നത് ഒരേ സന്ദേശമാണ് -
ലോകം എത്ര കലുഷിതമായാലും, പ്രാർത്ഥനയുള്ള മനുഷ്യഹൃദയത്തിൽ സമാധാനത്തിന്റെ വിളക്ക് ഒരിക്കലും കെടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.