ദോഹ: റമദാനിലെ പുണ്യ ദിനങ്ങളിൽ ഖത്തറിൽ കൂടാൻ അയൽനാട്ടുകാരെ സ്വാഗതം ചെയ്തുകൊണ്ട് വിസിറ്റ് ഖത്തർ. വിസിറ്റ് ഖത്തറാണ് ‘അയൽക്കാർക്ക് സ്വാഗതം’ എന്ന തലക്കെട്ടിൽ ഖത്തരി ആതിഥ്യമര്യാദയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കാമ്പയിന് തുടക്കംകുറിച്ചത്. ഖത്തറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം അതിഥികൾക്ക് മുന്നിൽ വൈിധ്യമാർന്ന പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അവതരിപ്പിച്ച് വിശുദ്ധ മാസത്തെ അടയാളപ്പെടുത്തുകയാണ് ലക്ഷ്യം.
റമദാൻ നിങ്ങളോടൊപ്പം എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിൻ ഖത്തരി ആതിഥ്യമര്യാദ ഉയർത്തിക്കാട്ടുന്നതോടൊപ്പം റമദാനിൽ ഖത്തറും ജി.സി.സി രാജ്യങ്ങളും തമ്മിലെ ഐക്യവും മുന്നോട്ടുവെക്കുന്നു.
വിസിറ്റ് ഖത്തർ റമദാൻ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം സംഘടിപ്പിച്ച ത്രോബാക്ക് ഫുഡ് ഫെസ്റ്റിവൽ രണ്ടാം പതിപ്പ് ഇത്തവണ നടക്കും. ‘ദുഖാനി’ലൂടെ പഴയ സൂഖിന്റെ അന്തരീക്ഷം സന്ദർശകർക്കായി സജ്ജമാക്കും. പ്രസിദ്ധമായ ഗെയിമുകളും കഹൂത്ത്, ട്രഷർഹണ്ട് തുടങ്ങിയ മത്സരങ്ങളും സന്ദർശകർക്കായി ഒരുക്കും. കഥപറച്ചിൽ, പാവ നാടക പ്രകടനങ്ങൾ, ഖത്തരി ഭക്ഷണ-രുചി മത്സരങ്ങൾ, ആതിഥ്യമര്യാദ പ്രമേയമാക്കിയുള്ള നാടോടി സംഗീത പരിപാടികളും മറ്റും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തും.
റമദാൻ 15ാം രാവിൽ നടക്കുന്ന ‘ഗരൻഗാവോ’ ആഘോഷത്തോടെയാണ് ഫെസ്റ്റിവലിന് തിരശ്ശീല വീഴുക. പ്രാദേശിക കരകൗശല വസ്തുക്കളും ഉൽപന്നങ്ങളും പ്രദർശിപ്പിക്കുന്ന പരമ്പരാഗത റമദാൻ വിപണികൾ, പരമ്പരാഗതവും പരിഷ്കൃതവുമായ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന ഇഫ്താർ, സുഹൂർ ഭക്ഷണം വിളമ്പുന്ന റമദാൻ ടെന്റുകൾ, ഖത്തരി-ഗൾഫ് പൈതൃകത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള സാംസ്കാരിക പരിപാടികൾ എന്നിവയെല്ലാം കാമ്പയിന് കീഴിൽ വിവിധ ഇടങ്ങളിലായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.