ദോഹ: വെടിക്കെട്ടും സാംസ്കാരിക ആഘോഷങ്ങളും പ്രദർശനങ്ങളും സംഗീത പരിപാടികളുമായി വിസിറ്റ് ഖത്തറിന്റെ ബലിപെരുന്നാൾ വിരുന്ന്. പെരുന്നാളും വേനലവധിയുമെത്തുന്ന ജൂണിലെ ആഘോഷ കലണ്ടർ വിസിറ്റ് ഖത്തർ പുറത്തിറക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടികൾ, കായിക മത്സരം, സാംസ്കാരിക പ്രദർശനം എന്നിവ ഉൾപ്പെടുന്നതാണ് ഒരു മാസം നീണ്ടുനിൽക്കുന്ന മേളകൾ. ജൂൺ നാലു മുതൽ 15 വരെ സിറ്റി സെന്റർ മാളിൽ ഈദ് ഫ്ലവർ ഇവന്റിന് വേദിയാകും.
പുഷ്പമേളയുടെ അതിശയ കാഴ്ചകളൊരുക്കിയാണ് സിറ്റി സെന്ററിൽ ഫ്ലവർ ഇവന്റ് നടത്തുന്നത്. പെരുന്നാളിന്റെ മൂന്നു ദിവസങ്ങളിലായി കതാറ കൾചറൽ വില്ലേജിലും അൽ വക്റ സൂഖിലുമായി വെടിക്കെട്ട് അരങ്ങേറും. കതാറയിൽ ജൂൺ ആറു മുതൽ എട്ടു വരെയും, വക്റ സൂഖിൽ ആറു മുതൽ ഒമ്പത് വരെയുമാണ് വെടിക്കെട്ട്.
പെരുന്നാളിനോടനുബന്ധിച്ച് മാൾ ഓഫ് ഖത്തറിൽ ബ്രസീലിയൻ കാർണിവലായ സാംബ അവതരിപ്പിക്കും. ആറു മുതൽ 14 വരെ വൈകീട്ട് ആറ്, ഏഴ്, 8.30 എന്നീ സമയങ്ങളിലായാണ് വാദ്യ നൃത്തങ്ങളോടെ സാംബ ഷോ അരങ്ങേറുന്നത്.
മുശൈരിബ് ഡൗൺ ടൗണിലെ ഈദ് ആഘോഷങ്ങൾക്ക് പെരുന്നാൾ ദിനത്തിൽ തുടക്കമാകും. കുടുംബങ്ങൾക്ക് ആഘോഷിക്കാൻ വൈവിധ്യമാർന്ന ആഘോഷങ്ങളാണ് ആറു മുതൽ 10 വരെ നീണ്ടുനിൽക്കുന്ന മേളയിൽ മുശൈരിബ് ഒരുക്കുന്നത്. തവാർ മാൾ, റീജൻസി സീലൈൻ ക്യാമ്പ് എന്നിവയും നടക്കും. പെരുന്നാളിനോടനുബന്ധിച്ച് ഷോപ്പിങ് മേളയുമായി മേയ് 23ന് ആരംഭിച്ച കതാറ കൾചറൽ വില്ലേജിലെ സൗത്ത് പാർക്കിങ്ങിലെ തജ്ഹീസാത് ഈദ് ട്രേഡ് ഫെയർ ജൂൺ അഞ്ചു വരെ നീണ്ടുനിൽക്കും. ജൂണിലുടനീളം വിവിധ പരിപാടികളും അരങ്ങേറും.
നാടക പ്രേമികൾക്കായി കതാറ കൾചറൽ വില്ലേജിൽ അൽ ബൈത് അൽ മസ്കൂൻ പ്രദർശനം, കുട്ടികൾക്കായി െപ്ലയ്സ് വെൻഡോം മാളിൽ സോണിക് ഹെഡ്ഗേഹോഗ്, ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ബ്ലിപ്പി ഗാരേജ്, ജൂൺ ഏഴ് മുതൽ 22 വരെ ക്യു.എൻ.സി.സിയിൽ ലെഗോ ഷോ എന്നിവ സജീവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.