ആളില്ലാ എയർ ടാക്സി പരീക്ഷണ പറക്കൽ ചടങ്ങിൽ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി പങ്കെടുത്തപ്പോൾ, ആളില്ലാ എയർ ടാക്സി
ദോഹ: ഖത്തറിന്റെ മൊബിലിറ്റി രംഗത്ത് സുപ്രധാന നേട്ടവുമായി ആളില്ലാ എയർ ടാക്സിയുടെ ആദ്യഘട്ട പരീക്ഷണം വിജയകരം. രാജ്യത്തെ ഗതാഗത സംവിധാനത്തിൽ അത്യാധുനിക ഓട്ടോണമസ് എയർ ട്രാൻസ്പോർട്ട് സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിനുള്ള നിർണായകമായ ഇടപെടലാണിത്. പൂർണമായും സ്വയം നിയന്ത്രണ സംവിധാനത്തിൽ പറക്കുന്ന എയർ ടാക്സിക്ക് പൈലറ്റിന്റെ ആവശ്യമില്ല. എ.ഐ സംവിധാനവും നൂതന എയർ നാവിഗേഷൻ സാങ്കേതികവിദ്യകളും ഉപയോഗിച്ച് പൂർണമായും സ്വയം നിയന്ത്രണ സംവിധാനത്തിലൂടെ, മനുഷ്യന്റെ നേരിട്ടുള്ള ഇടപെടൽ ഇല്ലാതെയാണ് പരീക്ഷണ പറക്കൽ വിജയകരമായി നടത്തിയത്.
ആളില്ലാ എയർ ടാക്സി പരീക്ഷണ പറക്കൽ ചടങ്ങിൽ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി പങ്കെടുത്തപ്പോൾ, ആളില്ലാ എയർ ടാക്സി
ഓൾഡ് ദോഹ തുറമുഖത്തിനും കതാറ കൾച്ചറൽ വില്ലേജിനും ഇടയിൽ നടത്തിയ ആളില്ലാ എയർ ടാക്സിയുടെ വിജയകരമായ പരീക്ഷണത്തിന് ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി സാക്ഷ്യം വഹിച്ചു. സ്മാർട്ട്, സുസ്ഥിര മൊബിലിറ്റി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ ഒരു പുതിയ നാഴികക്കല്ലാണിതെന്ന് ചടങ്ങിൽ പങ്കെടുത്ത ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി വിശേഷിപ്പിച്ചു. നവീകരണവും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളും ലക്ഷ്യമിട്ടുള്ള ഒരു ഭാവിയിലേക്കുള്ള ചുവടുവെപ്പാണിത്. സ്മാർട്ട്, സുസ്ഥിര മൊബിലിറ്റി സംവിധാനങ്ങളിലൂടെ രാജ്യത്തെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പരീക്ഷണഘട്ടങ്ങൾ എയർ ടാക്സി ഡെമോൺസ്ട്രേഷന്റെ ഭാഗമായി നടത്തും. അടിസ്ഥാന സൗകര്യങ്ങൾ, ഓപറേഷനൽ സംവിധാനങ്ങളുടെ അംഗീകാരം, സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയുൾപ്പെടെ എല്ലാ സാങ്കേതിക, പ്രവർത്തന കാര്യങ്ങളും പരിഗണിക്കും. പുതിയ മൊബിലിറ്റി സിസ്റ്റം രാജ്യത്ത് സുരക്ഷിതമായും ഫലപ്രദമായും നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ നിരവധി ഘട്ടങ്ങളിലായി പരീക്ഷണം നടത്തും. ഓരോ ഘട്ടങ്ങളിലെയും ഫലങ്ങൾ വിലയിരുത്തിയാകും അന്തിമ അംഗീകാരം നൽകുക. ഗതാഗതക്കുരുക്ക് കുറക്കുന്നതിനും സുരക്ഷിതവും വേഗതയേറിയതും പരിസ്ഥിതി സൗഹൃദപരവുമായ രാജ്യത്തിന്റെ സ്മാർട്ട് മൊബിലിറ്റിയിലേക്ക് പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഗതാഗത മന്ത്രാലയത്തിന്റെ സംരംഭങ്ങളുടെ ഭാഗമാണ് ആളില്ലാ ടാക്സികളുടെ പരീക്ഷണ പ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.