ഇന്ത്യൻ യൂത്ത് ടീം (ഫയൽ ചിത്രം)
ദോഹ: 2026ൽ സൗദി അറേബ്യ വേദിയൊരുക്കുന്ന അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിൽ ഖത്തറും ഇന്ത്യയും ഒരേ ഗ്രൂപ്പിൽ. വൻകര ഫുട്ബാളിലെ വമ്പന്മാർ മാറ്റുരക്കുന്ന യൂത്ത് ഏഷ്യൻ കപ്പിൽ യോഗ്യത റൗണ്ടിൽ കഠിനമായ വെല്ലുവിളികൾ കടന്നുവേണം ഇന്ത്യയുടെ യുവസംഘത്തിന്റെ ഏഷ്യൻ കപ്പ് സാധ്യത സജീവമാക്കാൻ. സെപ്റ്റംബർ ഒന്ന് മുതൽ ഒമ്പത് വരെ ദോഹയിലാണ് മത്സരങ്ങൾ.
സീസണിലെ ചൂടുകാലം സമാപിക്കുന്നതിനു പിന്നാലെ, ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ ആരാധകരെ കാത്തിരിക്കുന്നത് സ്വന്തം ടീമിന്റെ പോരാട്ടദിനങ്ങളെന്ന് ചുരുക്കം. ഗ്രൂപ് ‘എച്ചിൽ’ ഖത്തർ, ബഹ്റൈൻ, ബ്രൂണെ എന്നിവർക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. റാങ്കിങ്ങിലും കളിമികവിലും ഇന്ത്യയെക്കാൾ ഏറെ മുന്നിലാണ് ഖത്തറും, ബഹ്റൈനും. ടൂർണമെന്റിലെ ടോപ് സീഡ് കൂടിയാണ് ഖത്തർ.
വൻകരയുടെ യോഗ്യത തേടിയുള്ള മത്സരങ്ങൾക്ക് മൂന്ന് മാസം ബാക്കിനിൽക്കെ ഇന്ത്യയുടെ തയാറെടുപ്പുകൾക്കും തുടക്കമായി. മുൻ ഇന്ത്യൻ താരം നൗഷാദ് മൂസയുടെ കീഴിലാണ് അണ്ടർ 23 ടീം ഏഷ്യൻ കപ്പിനായി സജ്ജമാകുന്നത്.
ഇന്ത്യൻ സൂപ്പർലീഗിൽ വിവിധ ക്ലബുകളുടെ പരിശീലകനായിരുന്ന നൗഷാദ് മൂസ ജനുവരി ഒന്നിന് യൂത്ത് ടീം പരിശീലകനായി സ്ഥാനമേൽക്കും. കൊൽക്കത്തയിൽ പരിശീലനം ആരംഭിക്കുന്ന ടീം, തജികിസ്താനെതിരെ സൗഹൃദ മത്സരവും ഷെഡ്യൂൾ ചെയ്യുന്നുണ്ട്.
യോഗ്യത റൗണ്ടിൽ 11 ഗ്രൂപ്പുകളിലായി 44 ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ് ജേതാക്കളും, ഏറ്റവും മികച്ച സ്ഥാനക്കാരായ നാല് ഗ്രൂപ് റണ്ണേഴ്സ് അപ്പുകളും മാത്രമാണ് 16 ടീമുകളുടെ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നത്. കഠിനമായ ഗ്രൂപ് മത്സരത്തിൽനിന്ന് ജേതാക്കളായിമാറാൻ ഇന്ത്യ ഏറെ വിയർക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.