സൂഖ് വാഖിഫിലെ ഈത്തപ്പഴ ഫെസ്റ്റിൽനിന്ന്
ദോഹ: ഈത്തപ്പഴ ഉൽപാദനത്തിൽ സ്വയംപര്യാപ്തത ഉറപ്പാക്കി ഖത്തറിന്റെ കാർഷിക മേഖലക്ക് മുന്നേറ്റം. സീസണിൽ രാജ്യത്തിന് ആവശ്യമായ ഈത്തപ്പഴ ഉൽപാദനത്തിൽ 82 ശതമാനവും സ്വന്തം തോട്ടങ്ങളിൽ ഉൽപാദിപ്പിച്ചാണ് സ്വയംപര്യാപ്ത ഉറപ്പാക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ കാർഷിക വിഭാഗത്തിന്റെ ഇടപെടലും പ്രാദേശിക കർഷകർക്കു നൽകുന്ന പിന്തുണയും രാജ്യത്തിന്റെ കാർഷിക അഭിവൃദ്ധിക്ക് കാരണമായി. 2020ൽ മൊത്തം ആവശ്യത്തിന്റെ 76 ശതമാനമായിരുന്നു രാജ്യത്തിനകത്തുനിന്നുള്ള ഉൽപാദനമെങ്കിൽ രണ്ടു വർഷം കൊണ്ട് ആറു ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞു.
കർഷകർക്ക് ശാസ്ത്രീയ കൃഷിരീതികളിൽ അറിവ് നൽകിയും കീടനാശിനികൾ, വളം എന്നിവ എത്തിച്ചും പരാഗണത്തിന് സൗകര്യമൊരുക്കിയുമെല്ലാം മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാർഷിക വിഭാഗം രംഗത്തുണ്ട്. ഇതിനുപുറമെയാണ് ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ രാജ്യാന്തര ശ്രദ്ധേയമായ മേളകൾ ഒരുക്കി സാമ്പത്തിക ലാഭമുള്ള മികച്ച വരുമാന മാർഗവുമൊരുക്കുന്നത്. ഇടനിലക്കാരുടെ ഇടപെടൽ ഇല്ലാതെ, പാകമായതും ഉണങ്ങിയതുമായ ഈത്തപ്പഴങ്ങൾ ഉപഭോക്താക്കളിലെത്തിക്കാൻ കഴിയുന്നതും ഗുണകരമായി. അധികൃതരുടെ പിന്തുണ ഓരോ വർഷവും കർഷകർക്ക് കൂടുതൽ ഉൽപാദനത്തിന് വഴിയൊരുക്കുന്നതായി അധികൃതർ പറഞ്ഞു.
രാജ്യത്തിന് ആവശ്യമായ ഈത്തപ്പഴങ്ങളുടെ 82 ശതമാനവും നിലവിൽ ഖത്തറിലെ ഫാമുകളിൽ തന്നെ കൃഷി ചെയ്യാൻ കഴിയുന്നതായി കാർഷിക വിഭാഗം ഗൈഡൻസ് മേധാവി അഹമ്മദ് സലിം അൽ യാഫി പറഞ്ഞു. ദോഹ സൂഖ് വാഖിഫിൽ തുടരുന്ന ഏഴാമത് ഈത്തപ്പഴ വിൽപന-പ്രദർശന മേളയോടനുബന്ധിച്ച് ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
തദ്ദേശീയരായ 81 ഫാമുകളിൽ നിന്നുള്ള കർഷകരാണ് തങ്ങളുടെ വിളകളുമായി ഫെസ്റ്റിൽ പങ്കെടുക്കുന്നത്. ഇതിനു പുറമെ, ഫാമുകളിൽ കൃഷിചെയ്ത അത്തിപ്പഴം, നാരങ്ങ ഉൾപ്പെടെയുള്ള പഴവർഗങ്ങളുമായി അഞ്ചു കർഷകരും ഫെസ്റ്റിൽ പങ്കെടുക്കുന്നു. ഈത്തപ്പഴ ഫെസ്റ്റിവലിൽ പഴവർഗ ഫാമുകളിൽ നിന്നുള്ള ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നതുകാരണം ഈ മേഖലയിൽ ഗുണനിലവാരം മെച്ചപ്പെടുത്താനും കർഷകർക്ക് പ്രോത്സാഹനമാവുമെന്ന് അഹമ്മദ് സലിം അൽ യാഫി പറഞ്ഞു. പരീക്ഷണം വിജയകരമായാൽ, പഴവർഗങ്ങളുടെ വിൽപനക്കും പ്രദർശനത്തിനുമായി മറ്റൊരു മേള നടത്തുന്നത് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂഖിലെ പ്രദർശനം തുടങ്ങി അഞ്ചു ദിവസം കൊണ്ട് 58 ടൺ ഈത്തപ്പഴങ്ങളാണ് വിൽപന നടത്തിയത്. ഞായറാഴ്ച മാത്രം 15 ടൺ വിൽപന നടത്തി. 5765 കിലോ ഖലാസ്, 3539 ഷിഷി, 3090 കിലോ ഖനിഷി, 1759 കിലോ ബാർഹി, മറ്റു ഇനങ്ങൾ 888 കിലോയും ഉൾപ്പെടെയാണ് ഞായറാഴ്ച വിറ്റഴിഞ്ഞത്. 696 കിലോയോളം ഇതര പഴവർഗങ്ങളും മേളയിൽ വിറ്റഴിഞ്ഞു.
ജൂലൈ 27ന് ആരംഭിച്ച ഈത്തപ്പഴ മേള ആഗസ്റ്റ് 10ന് അവസാനിക്കും. ഉച്ച മൂന്ന് മുതൽ രാത്രി ഒമ്പത് മണിവരെയാണ് മേളയിലേക്ക് പ്രവേശനം. വെള്ളിയാഴ്ചകളിൽ ഉച്ച ഒരു മണി മുതൽ രാത്രി 10 മണിവരെയാണ് സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.