ഐ.സി.ബി.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ്
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 55ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച നടക്കും. പ്രവാസി തൊഴിലാളികൾക്കായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരെ സി റിങ് റോഡിലുള്ള അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കിൽ നടക്കും. യൂറോളജി, കാർഡിയോളജി, ജനറൽ സർജറി, ഗൈനക്കോളജി, ഡെർമറ്റോളജി, ഡെന്റൽ തുടങ്ങി വിവിധ വിഭാഗങ്ങളിൽ സൗജന്യ പരിശോധന ലഭിക്കും. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം നിർവഹിക്കും. ഐ.സി.ബി.എഫ് ഹെൽപ് ഡെസ്കും മെഡിക്കൽ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. പ്രവാസികൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അറിയിച്ചു. രജിസ്ട്രേഷന് : 6626 2477, 6616 4857, 5585 4543.
ഇന്ത്യൻ ക്ലാസിക്കൽ നൃത്തവിരുന്ന് 'നവപല്ലവ 2026'
ദോഹ: ഖത്തറിലെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ നൂപുരധ്വനിയുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ ക്ലാസിക്കൽ നൃത്തവിരുന്ന് 'നവപല്ലവ 2026' വെള്ളിയാഴ്ച അൽ വക്റയിലെ ഡി.പി.എസ് - എം.ഐ.എസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചു മുതൽ നടക്കും. നൃത്താധ്യാപിക കലാമണ്ഡലം സീമ രജിത്തിന്റെ പരിശീലനത്തിൽ നൂപുരധ്വനി നൃത്തവിദ്യാലയത്തിലെ വിദ്യാർഥികൾ അണിയിച്ചൊരുക്കുന്ന ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ക്ലാസിക്കൽ നൃത്തരൂപങ്ങൾ അവതരിപ്പിക്കും. കമ്മ്യൂണിറ്റി നേതാക്കളായ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.