സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​മാ​യ സൂ​ഖ്​ വാ​ഖി​ഫ്

യാത്രകൾ സജീവമാകുന്നു, ഖത്തർ മുന്നിൽ

ദോഹ: കോവിഡിനെ തുടർന്ന് നിലച്ച അന്താരാഷ്ട്ര വ്യോമഗതാഗതം പൂർവാധികം കരുത്തോടെ പുനരാരംഭിച്ചപ്പോൾ മേഖലയിൽ യത്രക്കാരുടെ ഒഴുക്കിൽ മികച്ച നേട്ടം കൊയ്ത് ഖത്തർ. യാത്രാവിവര ശേഖരണരംഗത്തെ വിദഗ്ധരായ ഫോർവേഡ് കീസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം മിഡിലീസ്റ്റിൽ യാത്രാരംഗത്ത് വലിയ തിരിച്ചുവരവ് നടത്തിയ രാജ്യം ഖത്തറാണ്.

കോവിഡിന് മുമ്പുള്ളതിനേക്കാൾ ഏഴ് ശതമാനം വളർച്ചയാണ് ഖത്തർ കൈവരിച്ചത്. ഈ വർഷം രണ്ടാം പാദത്തിൽ ഇൻറർനാഷനൽ അറൈവൽ വിഭാഗത്തിൽ ബുക്ക് ചെയ്ത ടിക്കറ്റുകളിലധികവും ഖത്തറിലേക്കാണെന്നും മഹാമാരിക്ക് മുമ്പുള്ള സാഹചര്യത്തേക്കാൾ ഖത്തർ ഏറെ മുന്നിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അതേസമയം, മേഖലയിൽ ഈജിപ്തും യു.എ.ഇയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

എന്നാൽ, കോവിഡിന് മുമ്പുള്ളതിനേക്കാൾ യഥാക്രമം 27 ശതമാനവും 29 ശതമാനവും കുറവാണ് ഇവിടെയുള്ളതെന്നും ഫോർവേഡ് കീസ് വ്യക്തമാക്കുന്നു. മിഡിലീസ്റ്റിലേക്കുള്ള സന്ദർശകരിൽ ഏറ്റവും കൂടുതൽ ബ്രിട്ടനിൽനിന്നും അമേരിക്കയിൽനിന്നുമാണ്. കോവിഡിന് മുമ്പത്തെ നിലയിൽനിന്ന് 12.8 ശതമാനം അധിക വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ബ്രിട്ടനുള്ളത്.

അമേരിക്കക്കാകട്ടെ, 15 ശതമാനം അധിക വർധനവും. ഖത്തറിലേക്കുള്ള ബ്രിട്ടീഷ് യാത്രക്കാരിൽ 76 ശതമാനമാണ് വർധനവ്. അമേരിക്കയിൽനിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ 105 ശതമാനവും വർധനവുണ്ട്. ആഗോള തലത്തിൽ വിനോദസഞ്ചാരമേഖല കടുത്ത വെല്ലുവിളികൾ നേരിടുമ്പോഴും നവംബറിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പാണ് ഖത്തറിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിലെ പ്രധാന ഘടകം.

നിരവധി രാജ്യാന്തര ബഹുമതികൾ കരസ്ഥമാക്കിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും കോവിഡ് കാലത്തും ഇടതടവില്ലാതെ സർവിസ് നടത്തി യാത്രക്കാരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഖത്തർ എയർവേസും യാത്രക്കാരെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

Tags:    
News Summary - The Covid situation has changed and Qatar is back to normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.