ദോഹ: ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ സകാത് കാര്യ വകുപ്പ് സെപ്റ്റംബർ മാസത്തിൽ വിതരണം ചെയ്തത് 18,829,696 ഖത്തർ റിയാലിന്റെ സാമ്പത്തിക സഹായം.
812 കുടുംബങ്ങൾക്കാണ് സഹായമെത്തിച്ചുനൽകിയത്. ശരീഅത്ത് നിയമങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി അർഹരായവർക്ക് സകാത് ഫണ്ടുകൾ എത്തിക്കുന്നതിൽ ഔഖാഫിന്റെ പ്രതിബദ്ധത കലക്ഷൻ ആൻഡ് സകാത് അക്കൗണ്ട്സ് വിഭാഗം മേധാവി മർവ അഹ്മദ് അൽ ബനാലി വിശദീകരിച്ചു. ഇതുവഴി അർഹരായ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണയും ആശ്വാസവും നൽകുന്നുവെന്നും അവർ പറഞ്ഞു.
രണ്ട് വിഭാഗങ്ങളിലാണ് സഹായം നൽകിയത്. വീട്ടുചെലവ്, അടിസ്ഥാന ജീവിതച്ചെലവുകൾ, ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള അത്യാവശ്യ ചെലവുകൾക്കുവേണ്ടി 1,07,66,050 റിയാൽ സഹായം നൽകി. ചികിത്സച്ചെലവുകൾ, ട്യൂഷൻ ഫീസ്, കടബാധ്യതയുള്ള വ്യക്തികൾക്കുള്ള സഹായം തുടങ്ങിയ അടിയന്തര സഹായമായി 80,63,646 ഖത്തർ റിയാലും വിതരണം ചെയ്തു. ലഭിക്കുന്ന എല്ലാ അപേക്ഷകളും സൂക്ഷ്മമായ അവലോകനത്തിന് വിധേയമാക്കിയാണ് സഹായം അനുവദിക്കുന്നതെന്നും അവർ പറഞ്ഞു.
അപേക്ഷകർക്ക് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.zakat.gov.qa വഴി ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാം.
സകാത് നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കും വകുപ്പിന്റെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ, വെബ്സൈറ്റ്, വിവിധ കലക്ഷൻ പോയന്റുകൾ, എക്സ്പ്രസ് കലക്ഷൻ സർവിസ് (55199990, 55199996) എന്നിവ ഉപയോഗപ്പെടുത്തി സകാതുകൾ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.