പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയിൽ നിന്നും ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് തർഷീദ് പുരസ്കാരം ഏറ്റുവാങ്ങുന്നു
ദോഹ: വാണിജ്യ വിഭാഗത്തിൽ സുസ്ഥിരത-ഊർജ കാര്യക്ഷമതയിലെ പ്രകടന മികവിന് ലുലു ഹൈപ്പർമാർക്കറ്റിന് തർഷീദ് പുരസ്കാരം. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ (കഹ്റമ) ദേശീയ പദ്ധതിയായ തർശീദിന്റെ പത്താംവാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയിൽ നിന്ന് ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് ഏറ്റുവാങ്ങി. ജല, വൈദ്യുതി ഉപഭോഗം കുറക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ച്, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ സംഭാവനയർപ്പിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമുള്ള അംഗീകാരമായാണ് തർഷീദ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. തർഷിദ് കെട്ടിട സംരക്ഷണ വിഭാഗത്തിലാണ് ലുലു ഗ്രൂപ്പിനെ തേടി അംഗീകാരമെത്തിയത്. നൂതന മാർഗങ്ങൾ സ്വീകരിച്ച്, ജല-വൈദ്യുതി മേഖലകളിൽ വിനിയോഗം കുറച്ച്, സംരക്ഷണ മാർഗങ്ങൾ സ്വീകരിച്ചതിനുള്ള അംഗീകാരമാണ് പുരസ്കാരം. സ്വകാര്യമേഖലയിൽ നിന്നും അവാർഡിന് അർഹരാവുന്ന ഏക ബിസിനസ് സ്ഥാപനം കൂടിയായി ലുലു.
വൈവിധ്യമാർന്ന ആശയങ്ങൾ നടപ്പാക്കി, ജല-വൈദ്യുതി ഊർജ ഉപഭോഗം കുറച്ച്, പരിസ്ഥിതി സംരക്ഷണത്തിനായി പ്രയത്നിച്ചതിന് തർഷീദ് പുരസ്കാരം ലഭിച്ചത് അഭിമാനകരമാണെന്ന് ഡോ. മുഹമ്മദ് അൽതാഫ് പ്രതികരിച്ചു. പ്രധാനമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വിവിധ ബ്രാഞ്ചുകളിൽ വൈദ്യുതി-ജല ഉപഭോഗം കുറക്കാനുള്ള ആധുനിക സാങ്കേതിക മാതൃകകൾ അവലംബിച്ചിട്ടുണ്ട്. ഖത്തർ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി കാർബൺ ബഹിർഗമനം കുറക്കാനും, 2045ഓടെ സീറോ കാർബൺ ലക്ഷ്യത്തിലെത്തിക്കാനുമുള്ള ലുലു ഗ്രൂപ്പിന്റെ ശ്രമങ്ങൾക്ക് പുരസ്കാരം പ്രോത്സാഹനമേകുമെന്നും ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു.
സുസ്ഥിരത മേഖലയിലെയും, പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിലുമായി നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ ലുലുവിനെ തേടി ഇതിനകം എത്തിയിട്ടുണ്ട്. മെന മേഖലയിൽ ജി.എസ്.എ.എസ് സർട്ടഫിക്കറ്റ് നേടിയ ആദ്യ റീട്ടെയിലർ സ്ഥാപനമെന്ന നേട്ടവും ലുലു സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.