ദോഹ: മാസങ്ങൾ നീണ്ട വേനലവധി അവസാനിച്ച് സ്കൂളുകൾ തുറക്കാനിരിക്കെ കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ‘ബാക് ടു സ്കൂൾ’ കാമ്പയിൻ പ്രഖ്യാപിച്ച് പ്രാഥമികാരോഗ്യ കോർപറേഷൻ. ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഏഴു വരെയാണ് സ്കൂൾ വിദ്യാർഥികളെ ലക്ഷ്യംവെച്ച് ബാക് ടു സ്കൂൾ കാമ്പയിൻ പി.എച്ച്.സി.സി നടത്തുന്നത്.
അൽ വക്റ, ഉമർ ബിൻ അൽ ഖതാബ്, മുഐതർ, അൽ വജ്ബ, ഖത്തർ യൂനിവേഴ്സിറ്റി, സലാൽ എന്നീ ആറ് ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കാമ്പയിൻ പ്രവർത്തനങ്ങൾ സ്കൂൾ, കിൻഡർഗാർട്ടൻ വിദ്യാർഥികളിലെത്തിക്കുകയാണ് ലക്ഷ്യം.
എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികളെയും, അവരുടെ മാതാപിതാക്കളെയും, എല്ലാ പൊതു സ്കൂൾ ജീവനക്കാരെയുമാണ് കാമ്പയിൻ ലക്ഷ്യമാക്കുന്നത്. കുട്ടികളുടെ ആരോഗ്യ പരിചരണത്തിൽ സുപ്രധാനമായ സ്കൂൾ ക്ലിനിക്കുകളെ സ്മാർട്ട് ക്ലിനിക്കുകളാക്കി മാറ്റാനും പി.എച്ച്.സി.സി ലക്ഷ്യമിടുന്നു. ആരോഗ്യ മേഖലയിലെ ഏറ്റവും പുതിയ സേവനങ്ങളും സംവിധാനങ്ങളും സ്മാർട്ട് ക്ലിനിക് വഴി സ്കൂളുകൾക്ക് ലഭ്യമാക്കും.
രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളും സ്കൂൾ ക്ലിനിക്കുകളും തമ്മിലുള്ള ബന്ധം ദൃഢമാക്കാനാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയതെന്ന് പി.എച്ച്.സി.സി അധികൃതർ വ്യക്തമാക്കി. സ്കൂളുകളും പി.എച്ച്.സി.സി ഹെൽത് കെയർ സെന്റർ, സിദ്ര മെഡിസിൻ, ഹമദ് മെഡിക്കൽ കോർപറേഷൻ, ആരോഗ്യ മന്ത്രാലയം എന്നീ രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളുമായി ഏകോപനത്തിനുള്ള കണ്ണിയായി സ്കൂൾ നഴ്സുമാരും സ്കൂൾ ക്ലിനിക്കുകളും മാറും.
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സ്കൂൾ ഹെൽത്ത് സർവിസിന്റെ ഭാഗമാണ് സ്മാർട്ട് ക്ലിനിക്കുകളും. കുട്ടികൾക്ക് മികച്ച ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, സംസ്കാരിക-സാമൂഹിക-ശാരീരിക വികസനം എന്നിവ മികച്ച നിലവാരത്തിൽ ഉറപ്പാക്കുകയാണ് സ്മാർട് ക്ലിനിക് സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.
പി.എച്ച്.സി.സിയുടെ സ്കൂൾ ഹെൽത്ത് പ്രോഗ്രാം പ്രധാനമായും സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളെയാണ് ലക്ഷ്യമിടുന്നത്. സ്കൂളുകളിൽ ആരോഗ്യകരമായ അന്തരീക്ഷവും പഠനത്തിന് സുഖകരമായ സാഹചര്യം ഒരുക്കുകയുമാണ് സുപ്രധാന ലക്ഷ്യം.
പ്രഭാഷണങ്ങൾ, ബോധവത്കരണം, പഠന സാമഗ്രികൾ തുടങ്ങിയവയുൾപ്പെടെ എല്ലാ പൊതുവിദ്യാലയങ്ങളിലെയും സ്മാർട്ട് സ്കൂൾ ക്ലിനിക്കുകളെ ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ ബാക്ക്-ടു-സ്കൂൾ കാമ്പയിനിൽ അവതരിപ്പിക്കും.
വിദ്യാർഥികളുടെ ആരോഗ്യ കാര്യങ്ങൾ കൃത്യമായി ഫോളോഅപ് ചെയ്യുന്നതിന്റെ ഭാഗമായി സ്കൂൾ ക്ലിനിക്കുകളെ ഹെൽത്ത് ഫയൽ മാനേജ്മെന്റ് ശൃംഖലയുമായി ബന്ധിപ്പിക്കും. അതുവഴി, മെഡിക്കൽ റെക്കോഡുകൾ, ചികിത്സാവിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ എന്നിവ ആവശ്യ സന്ദർഭങ്ങളിൽ ലഭ്യമാക്കാനും, ഇവ പൂർത്തിയാക്കാനും കഴിയും. സ്കൂൾ നഴ്സുമാർക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.