ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി

ആധുനിക ഖത്തറിന്റെ ശിൽപി

ഖത്തറിനെ ആഗോളതലത്തിൽ ഉന്നതിയിലെത്തിച്ച മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ആധുനിക ഖത്തറിന്റെ ശിൽപിയും വർത്തമാനകാല ഭരണാധികാരികൾക്ക് മികച്ച വഴി കാട്ടിയുമായിരുന്നു. ലോക രാജ്യങ്ങൾക്കിടയിൽ സിന്ദൂരപ്പൊട്ടിനേക്കാൾ ചെറുതായൊരു രാജ്യം നിലപാട് കൊണ്ടും ഇടപെടൽ കൊണ്ടും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്. എന്താണ് ഈ രാജ്യം ആഗോളതലത്തിൽ ഇത്രയും ചർച്ച ചെയ്യപപെടാൻ കാരണം. അതിസൂക്ഷമാമായ നിലപാടുകൾ തന്നെയാണ് ഈ കുഞ്ഞ് രാജ്യത്തെ എല്ലാവരുടെയും ചർച്ചകളിലേക്ക് കടന്നുവരുന്നത്.

1995 ജൂണിൽ ഖത്തറിന്റെ ഭരണാധികാരിയായി ചുമതലയേറ്റ ശൈഖ് ഹമദ് അത് വരെ അറബ് ലോക പരിചയിച്ചിട്ടില്ലാത്ത ഭരണരീതിക്കാണ് തുടക്കം കുറിച്ചത്. 1995 ജൂണിൽ രാജ്യത്തിന്റെ അമീറായി അധികാരമേറ്റ ശൈഖ് ഹമദ് നിരവധി സംരംഭങ്ങൾക്കാണ് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ കുതിപ്പിന് നാന്ദി കുറിച്ച പ്രകൃതി വാതക കയറ്റുമതിക്ക് തുടക്കമിട്ടതാണ് അതിൽ പ്രധാനം. ഇന്ന് ആഗോള തലത്തിൽ പ്രകൃതി വാതകം കയറ്റി അയക്കുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനമാണ് ഖത്തറിന്. അറബ് മീഡിയ എക്കാലവും ഭരണകൂടത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കാറുള്ളത്. എന്നാൽ ഇതിന് ഒരു മാറ്റം വേണമെന്ന് പ്രഖ്യാപിച്ച് ഭരണം ഏറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ, അഥവാ 1996 ജനുവരി ഒന്നിന് തുടക്കം കുറിച്ച ചാനലാണ് അൽജസീറ. അറബ് ലോകത്തെ സി.എൻ.എൻ എന്നാണ് അൽ ജസീറ അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇന്ന് സി.എൻ.എന്നിനെയും ബി.ബി.സിയെയും എല്ലാം കവച്ച് വെക്കുന്ന ചാനലായി മാറി അൽ ജസീറ. അൽ ജസീറ തുടങ്ങാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് അന്നത്തെ വിദേശകാര്യ മന്ത്രിയും പ്രധാനമന്ത്രിയുമായിരുന്ന ശൈഖ് ഹമദ് ബിൻ ജാസിം ജാബർ ആൽഥാനി ഈയിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ അത് ഇങ്ങനെ വായിക്കാം. ‘ഒരു ദിവസം രാത്രി അമീറായ ശൈഖ് ഹമദിന്റെ ഫോൺ വരുന്നു. ഫോണെടുത്ത് ഉടനെ തന്നെ അദ്ദേഹം പറയുന്നു, നമുക്കൊരു ചാനൽ തുടങ്ങണം. മൂന്ന് മാസത്തിനകം ആരംഭിക്കുകയും വേണം. മാധ്യമ മേഖലയിൽ പ്രത്യേക പരിചയമൊന്നും ഇല്ലാത്ത ഞാൻ, ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ എന്ന് ചോദിച്ചു. പിന്നീടുള്ള ദിവസങ്ങൾ അൽ ജസീറ ആരംഭിക്കാനുള്ള ഓട്ടമായിരുന്നു. സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുകയായിരുന്നില്ല, മുന്നിലുള്ള വെല്ലുവിളി. മികവുറ്റ മാധ്യമ പ്രവർത്തകരെ കണ്ടെത്തുക എന്നതായിരുന്നു. ലോകത്ത് പ്രവർത്തിച്ച് കൊണ്ടിരുക്കുന്ന അറബ് മാധ്യമ സ്ഥാപനങ്ങളിൽ കഴിവ് തെളിയിച്ച മാധ്യമ പ്രവർത്തകരെ കണ്ടെത്തനുള്ള ശ്രമമാണ് പിന്നെ നടത്തിയത്. ഇന്ന് മാധ്യമ ലോകത്ത് അൽ ജസീറ ഒരു പാഠ പുസ്തകമാണ്.

ഇസ്രയേലിന്റെ ഉപരോധം കാരണം ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഗസ്സയിലെ ജനങ്ങൾക്ക് ഖത്തർ നൽകിയ വലിയ പിന്തുണ വില മതിക്കാനാകാത്തതാണ്. 2012ൽ ശൈഖ് ഹമദ് സർവ മുന്നറിയിപ്പുകളും അവഗണിച്ച് ഈജിപ്ത് വഴി ഖാൻ യൂനുസിലെത്തിയത് ചരിത്രസംഭവമായി മാറി. ഉപരോധത്തിൽ ഞരിഞ്ഞമർന്ന ഗസ്സയിലെ ജനങ്ങൾക്ക് ശൈഖ് ഹമദിന്റെ സന്ദശനം നൽകിയ ആത്മ വിശ്വാസം ചെറുതായിരുന്നില്ല. ഇക്കാലത്ത് ആദ്യമായാണ് ഒരു ഭരണാധികാരി ഗസ്സ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഈ സന്ദർശനത്തിന് ഉണ്ടായിരുന്നു.

2010ൽ മോസ്‌കോ ലോകകപ്പ് ഫുട്ബാൾ വേദിയിൽ വെച്ച് ശൈഖ് ഹമദും പത്നി ശൈഖ മോസയും ചേർന്ന് 2022 ലോകകപ്പിനുള്ള വേദിയുടെ അംഗീകാരം നേടിയെടുത്തതും ചരിത്ര സംഭവമായി. ഖത്തർ പോലെയുള്ള ചെറുരാജ്യം എങ്ങിനെ ലോകകപ്പിന് വേദിയാകുമെന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയായിരുന്നു അത്.

നല്ല ആരോഗ്യമുള്ള സമയത്ത് തന്നെ 61ാം വയസ്സിൽ അധികാരം സ്വയം ഒഴിഞ്ഞ മാതൃക കാട്ടിയതും ഈ ഭരണാധികാരി തന്നെ. അധികാരത്തിൽ കയറി 18 വർഷം പൂർത്തിയാകാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ 2013 ജൂൺ 25ന് നാലാമത്തെ മകൻ ശൈഖ് തമീമിന് അധികാരം കൈമാറുകയായിരുന്നു. പിന്നീട് രാജ്യം അദ്ദേഹത്തെ പിതാവ് അമീർ എന്ന വിളിപ്പേര് നൽകിയാണ് ആദരിച്ചത്. ലോക ചലനങ്ങൾക്ക് ശ്രദ്ധ കൊടുക്കുകയും അവയിലൊക്കെയും തങ്ങളുടെ നിലപാടുകൾക്കനുസരിച്ച് തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്ന ദീർഘവീക്ഷണത്തിന്റെ ഉടമയായിരുന്നു ശൈഖ് ഹമദ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം പരലോക ജീവിതം ധന്യമാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Tags:    
News Summary - Former Emir Sheikh Hamad bin Khalifa Al Thani, who brought Qatar to global prominence, was the architect of modern Qatar and showed the way for current rulers.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.