ഖത്തർ അമീറിനൊപ്പം ഉമ്മൻചാണ്ടിയും ഇ അഹമ്മദും

ഇന്ത്യ-ഖത്തർ സൗഹൃദത്തിൽ വഴിത്തിരിവ്; ഫാദർ അമീറിന്റെ ഓർമ്മകളിൽ

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇന്നത്തെ ശക്തമായ നിലയിലേക്ക് വളർന്നതിന് പിന്നിൽ, അന്തരിച്ച മുൻ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾക്ക് വലിയ പങ്കുണ്ട്. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ എന്നും നെഞ്ചോട് ചേർത്തുവെച്ച അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ -വ്യാപാര സഹകരണത്തിൽ പുതിയൊരു യുഗത്തിന് അടിത്തറയിട്ടു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന ഇന്ത്യയിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തിട്ടുണ്ട്.

ചരിത്രപരമായ ന്യൂഡൽഹി സന്ദർശനം

ഇന്ധന ഇറക്കുമതിയെ ഏറെ ആശ്രയിക്കുന്ന ഇന്ത്യ, ഊർജ്ജ മേഖലയിൽ ഖത്തറുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനും ഉഭയകക്ഷി വ്യാപാരം കൂടുതൽ ശക്തമാക്കുന്നതിനും നേരത്തെ തന്നെ വലിയ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായിക്കൊണ്ടാണ് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഖത്തർ അമീർ ആയിരിക്കെ 1999, 2005, 2012 വർഷങ്ങളിൽ ഇന്ത്യ സന്ദർശിച്ചത്.

ഇതിൽ ഏറ്റവും നിർണായകമായത് 2005 ഏപ്രിലിൽ അദ്ദേഹം നടത്തിയ ഔദ്യോഗിക സന്ദർശനമായിരുന്നു. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പ്രൗഢമായ സ്വീകരണമാണ് അദ്ദേഹത്തിന് രാജ്യം നൽകിയത്. തുടർന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാനമായ പങ്കാളിത്തത്തിന് പുതിയ ദിശാബോധം നൽകി. അന്നത്തെ രാഷ്ട്രപതിയായ എ.പി.ജെ അബ്ദുൾകലാം രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക വിരുന്നും നൽകിയിരുന്നു.

 

ഇന്ത്യ സന്ദർശനത്തിനിടെ രാഷ്ട്രപതി ഭവനിൽ ഒരുക്കിയ സ്വീകരണത്തിൽ നിന്ന് പാറക്കൽ അബ്ദുല്ലയുമായി സംഭാഷണത്തിൽ. രാഷ്ട്രപതി എപിജെ അബ്ദുൽ കലാം സമീപം

"എണ്ണ, പ്രകൃതിവാതകം, പെട്രോകെമിക്കൽസ് തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലുള്ളതാക്കാൻ ആഗ്രഹിക്കുന്നു എന്ന് ഈ കൂടിക്കാഴ്ചയിൽ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി വ്യക്തമാക്കി.

ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും ഖത്തറിന്റെ വാതക നിക്ഷേപവും

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാതക നിക്ഷേപമുള്ള രാജ്യമായ ഖത്തറുമായുള്ള സൗഹൃദം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ നിർണായക വഴിത്തിരിവായി. പ്രതിവർഷം 75 ലക്ഷം ടൺ എൽ.എൻ.ജി (LNG) ഇന്ത്യയ്ക്ക് നൽകാൻ നേരത്തെ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു.ആദ്യ ഘട്ടത്തിൽ പ്രതിവർഷം 50 ലക്ഷം ടൺ വാതകവുമായി ഗുജറാത്തിലേക്ക് ഷിപ്പ്‌മെന്റുകൾ എത്തിയിരുന്നു. ഇതിൻ്റെ രണ്ടാം ഘട്ടമായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഏറെ ഗുണകരമാകുന്ന ചർച്ചകൾക്ക് തുടക്കമിട്ടത് ശൈഖ് ഹമദിന്റെ ഈ സന്ദർശനത്തിലായിരുന്നു. ഖത്തറിന്റെ പൊതുമേഖലാ സ്ഥാപനമായ 'റാസ്ഗ്യാസും' (RasGas) ഇന്ത്യയുടെ 'പെട്രോനെറ്റും' തമ്മിൽ പ്രതിവർഷം 25 ലക്ഷം ടൺ വാതകം കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള ചർച്ചകൾക്ക് അന്ന് തുടക്കമായി.

വ്യോമയാന മേഖലയിലെ കുതിച്ചുചാട്ടം

ഊർജ്ജ മേഖലയ്ക്ക് പുറമെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിനായി വിമാന സർവിസ് കാര്യക്ഷമാക്കുന്നതിലും ഇരുപക്ഷവും ഏറെ മുന്നോട്ടുപോയി. ഇത് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് യാത്രക്കാർക്കും, ഇരുരാജ്യങ്ങൾക്കുമിടയിലെ വിപുലമായ യാത്രാ-വ്യാപാര വികസനത്തിനും വലിയ തോതിൽ വഴിയൊരുക്കി.

പ്രവാസികളെ ചേർത്തുപിടിച്ച ഭരണാധികാരി

ഖത്തറിന്റെ ആധുനിക നിർമ്മാണത്തിൽ പങ്കാളികളായ ഇന്ത്യൻ പ്രവാസി സമൂഹത്തോട് എന്നും പ്രത്യേക കരുതലാണ് രാഷ്ട്ര നേതാവായിരിക്കെ അദ്ദേഹം സ്വീകരിച്ചത്. ഇന്ത്യയുമായി അദ്ദേഹം സ്ഥാപിച്ച ഊഷ്മളമായ സൗഹൃദവും ദീർഘവീക്ഷണത്തോടെയുള്ള കരാറുകളും ഇന്നും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ഭദ്രതയുടെ ശക്തമായ അടിത്തറയായി നിലകൊള്ളുന്നു.

ഏറ്റവും ഒടുവിൽ, 2024 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിച്ച വേളയിലും ശൈഖ് ഹമദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ശക്തമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച ഒരു ജനനായകന്റെ വേർപാടിൽ പ്രവാസി സമൂഹവും ആഴത്തിലുള്ള ദുഃഖത്തിലാണ്. ഗൾഫ് നാടുകളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളിൽ എക്കാലവും ഓർക്കപ്പെടുന്ന ഒരു വ്യക്തിത്വമായിരിക്കും ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി.

Tags:    
News Summary - Sheikh Hamad bin Khalifa Al Thani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.