ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അനുശോചിപ്പ് ന്യൂഡൽഹിയിൽ ഇന്ത്യൻ പതാക പകുതി താഴ്ത്തിക്കെട്ടിയപ്പോൾ
ദോഹ: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ലോകനേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും ദോഹയിലെത്തി. ചൊവ്വാഴ്ച ലുസൈൽ കൊട്ടാരത്തിൽ വെച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിവിധ രാജ്യങ്ങളിലെ തലവന്മാരെയും പ്രതിനിധികളെയും സ്വീകരിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, തുർക്കിയെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, ലെബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൻ, സൊമാലിയൻ പ്രസിഡന്റ് ഹസ്സൻ ശൈഖ് മെഹമൂദ് എന്നിവർ ദോഹയിലെത്തി അമീറിനെ കണ്ട് നേരിട്ട് അനുശോചനം അറിയിച്ചു. അർമേനിയൻ പ്രസിഡന്റ് വാഹഗ്ൻ ഖച്ചാതുര്യൻ, ഉസ്ബെകിസ്താൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ്, മൗറിത്താനിയൻ പ്രസിഡന്റ് മുഹമ്മദ് ഉൽ ശൈഖ് എൽ ഗസ്വാനി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്വിസ് കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് ഇഗ്നാസിയോ കാസിസ്, ജോർഡൻ രാജകുമാരൻ അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, എന്നിവരും ലുസൈൽ കൊട്ടാരത്തിലെത്തി ദുഃഖം പങ്കുവെച്ചു. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി, അറബ് ലീഗ് സെക്രട്ടറി നബീൽ ഫഹ്മി എന്നിവരും അമീറിനെ സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
അനുശോചനം സ്വീകരിക്കുന്ന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പം ഖത്തറിലെ ഉന്നത ഭരണാധികാരികളും സന്നിഹിതരായിരുന്നു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽഥാനി, അമീറിന്റെ പേഴ്സണൽ റെപ്രസെന്റേറ്റീവ് ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുൽ അസീസ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇവരെ കൂടാതെ അന്തരിച്ച പിതാവ് അമീറിന്റെ മക്കളായ മറ്റ് പ്രമുഖ വ്യക്തികളും രാജകുടുംബാംഗങ്ങളായ ശൈഖുമാരും ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്ര മന്ത്രി കിരൺ റിജിജു ദോഹയിലെത്തി
ദോഹ: അന്തരിച്ച ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ ഇന്ത്യൻ സർക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം അറിയിക്കുന്നതിനായി കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി. ആധുനിക ഖത്തർ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി. ഇന്ത്യയുടെ ഉറ്റ ചങ്ങാതിയായിരുന്ന അദ്ദേഹം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമീറിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ച് യു.എസ് പ്രസിഡന്റ്
ദോഹ: അന്തരിച്ച ഖത്തർ മുൻ അമീർ പിതാവ് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ചയായിരുന്നു യു.എസ് പ്രസിഡന്റ് ഖത്തർ അമീറുമായി ഫോണിൽ സംസാരിച്ചത്.
പിതാവ് അമീറിന്റെ നിര്യാണത്തിലുള്ള കടുത്ത ദുഃഖവും അനുശോചനവും ട്രംപ് ഖത്തർ അമീറുമായി പങ്കുവെച്ചു. തന്റെയും രാജ്യത്തിന്റെയും അനുശോചനം അറിയിച്ച യു.എസ് പ്രസിഡന്റിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.