ജറൂസലേം: ഫലസ്തീൻ ജനത എക്കാലവും സ്നേഹപൂർവം ഓർക്കുന്ന അറബ് നേതാവാണ് ഞായറാഴ്ച അന്തരിച്ച ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽ ഥാനി. ഗസ്സ ഉപരോധം മറികടന്ന് ഗസ്സ മുനമ്പ് സന്ദർശിച്ച ഏക അറബ് നേതാവെന്ന വിശേഷണം അദ്ദേഹത്തെ ചരിത്രത്തിൽ വേറിട്ടുനിർത്തുന്നതാണ്. 2012 ഒക്ടോബറിലാണ് ഇസ്രായേൽ 2006 മുതൽ ഏർപ്പെടുത്തിയ ഉപരോധത്തിനിടയിൽ ശൈഖ് ഹമദ് ഗസ്സ സന്ദർശിച്ചത്. ഭാര്യ ശൈഖ മോസ ബിൻത് നാസർ ഉൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
പാശ്ചാത്യ രാജ്യങ്ങളും ചില പ്രാദേശിക ശക്തികളും ഗസ്സയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ നടന്ന ഈ സന്ദർശനം ഗസ്സയിലെ ജനങ്ങൾ വൻ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഗസ്സയിലെ ഔദ്യോഗിക, പൊതുജന സ്വീകരണങ്ങൾ ഈ സന്ദർശനത്തെ ചരിത്ര സംഭവമാക്കി. ഗസ്സ സന്ദർശനത്തിനിടെ ഖത്തറിന്റെ പുനർനിർമാണ സഹായം 254 മില്യൺ ഡോളറിൽ നിന്ന് 400 മില്യൺ ഡോളറായി ഉയർത്തുമെന്ന് ശൈഖ് ഹമദ് പ്രഖ്യാപിച്ചു. ഈ സഹായത്തിന്റെ അടിസ്ഥാനത്തിൽ ആയിരക്കണക്കിന് പലസ്തീനികൾക്ക് പ്രയോജനപ്പെട്ട നിരവധി പദ്ധതികൾ നടപ്പാക്കി. ഭവന നിർമ്മാണ പദ്ധതികൾ, റോഡ് വികസനം, ആരോഗ്യ മേഖല ശക്തിപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ അതിലുൾപ്പെടും.
2012ലെ ഗസ്സ സന്ദർശനത്തിനിടെ ഫലസ്തീൻ നേതാവായ ഇസ്മായിൽ ഹനിയ്യയോടൊപ്പം ശൈഖ് ഹമദ് ബിൻ ഖലീഫ ആൽ ഥാനി
സന്ദർശനത്തിനിടെ ഗസ്സയിലെ ഇസ്‍ലാമിക് സർവകലാശാലയിൽ നടന്ന ചടങ്ങിൽ ശൈഖ് ഹമദിനും ശൈഖ മോസക്കും മാനവിക സേവനങ്ങൾ പരിഗണിച്ച് ഓണററി ഡോക്ടറേറ്റ് നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ പ്രസംഗത്തിൽ ഫലസ്തീൻ ജനതയുടെ അതിജീവന മനോഭാവത്തെ അദ്ദേഹം അഭിനന്ദിക്കുകയും, അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് നയങ്ങളെ വിമർശിക്കുകയും ചെയ്തു.
ഗസ്സ സന്ദർശനത്തിന് വർഷങ്ങൾ മുമ്പേ തന്നെ ശൈഖ് ഹമദിന് ഫലസ്തീനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 1999ൽ, 1967നുശേഷം ഫലസ്തീൻ പ്രദേശങ്ങൾ സന്ദർശിച്ച ആദ്യ ഗൾഫ് നേതാവായി അദ്ദേഹം മാറി. അന്ന് ഫലസ്തീൻ പ്രസിഡന്റ് യാസിർ അറഫാത്തുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ റാമല്ലയിലെ അറഫാത്തിന്റെ ആസ്ഥാനമായ മുഖാത്വ ഉപരോധിച്ചപ്പോൾ, ‘ഖത്തറിനെ ആക്രമിച്ചതുപോലെയാണ് തനിക്ക് തോന്നിയത്’ എന്ന് ശൈഖ് ഹമദ് തന്റെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുണ്ട്.
ശൈഖ് ഹമദ് സിറ്റി (ഖാൻ യൂനിസ്), ശൈഖ് ഹമദ് ആശുപത്രി ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പ്രോസ്തെറ്റിക്സ് എന്നിങ്ങനെ അദ്ദേഹത്തിന്റെ പേരിൽ തന്നെ വിവിധ പദ്ധതികൾ ഗസ്സയിൽ നടപ്പിലാക്കിയിട്ടുണ്ട്. ഖത്തറിന്റെ സഹായത്തോടെ നിർമ്മിച്ച നിരവധി അടിസ്ഥാന സൗകര്യങ്ങൾ 2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിനിടെ ഇസ്രായേൽ തകർത്തിരുന്നു.
അതേസമയം, ആക്രമണങ്ങളും മരുന്ന് ക്ഷാമവും ആരോഗ്യ സംവിധാനത്തിന്റെ തകർച്ചയും നേരിട്ടിട്ടും ശൈഖ് ഹമദ് ആശുപത്രി വീണ്ടും പ്രവർത്തനം ആരംഭിച്ചു. വടക്കൻ ഗസ്സയിലെ ഏക സി.ടി സ്കാനർ പ്രവർത്തിപ്പിക്കുന്ന ആശുപത്രിയായ ഇത്, അംഗഭംഗം സംഭവിച്ച രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചതിനെ തുടർന്ന് തെക്കൻ ഗസ്സയിലും പുതിയ സേവന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഗസ്സയുടെ ഉപരോധകാലത്ത് നേരിട്ട് അവിടുത്തെ ജനങ്ങളോടൊപ്പം നിന്നതും പുനർനിർമാണത്തിന് വൻ സാമ്പത്തിക പിന്തുണ നൽകിയതും കാരണം ശൈഖ് ഹമദ് ബിൻ ഖലീഫ ആൽ ഥാനിയുടെ പേര് ഫലസ്തീൻ ചരിത്രത്തിൽ പ്രത്യേക സ്ഥാനമാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.