ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ദി യസിൻ ബിൻ ഹൈതം അൽ സഈദ് എന്നിവർ ഖത്തറിലെത്തിയപ്പോൾ

ഖത്തർ മുൻ അമീറിന്റെ നിര്യാണം; അനുശോചനവുമായി ഒമാൻ പ്രതിനിധികൾ ഖത്തറിൽ

മസ്കത്ത്: അന്തരിച്ച ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അനുശോചനം നേരിട്ടറിയിക്കാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് ഖത്തറിലെത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രത്യേക പ്രതിനിധിയായാണ് ദോഹയിലേക്ക് പുറപ്പെട്ടത്. സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ദി യസിൻ ബിൻ ഹൈതം അൽ സഈദും ഈ ഔദ്യോഗിക സന്ദർശനത്തിൽ അനുഗമിക്കുന്നുണ്ട്. ഒമാൻ സുൽത്താന്റെയും ഒമാനിലെ ജനങ്ങളുടെയും അഗാധമായ ദുഃഖവും ആദരാഞ്ജലികളും ഖത്തർ ഭരണകൂടത്തെയും ജനങ്ങളെയും അറിയിച്ചു.

അന്തരിച്ച മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും ഒമാൻ സുൽത്താനേറ്റും തമ്മിൽ വളരെ ആഴമേറിയതും ചരിത്രപരവുമായ സൗഹൃദബന്ധമാണ് നിലനിന്നിരുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് (1995–2013) ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, സാമ്പത്തിക, തന്ത്രപ്രധാന ബന്ധങ്ങൾ ഇന്നത്തെ ശക്തമായ നിലവാരത്തിലേക്ക് ഉയർന്നത്. ഒമാന്റെ അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദുമായി അദ്ദേഹം വളരെ അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നു.

ജി.സി.സി ഉച്ചകോടികളിലും പ്രാദേശിക ചർച്ചകളിലും ഇരുവരും പരസ്പര ബഹുമാനത്തോടെയാണ് നിലപാടുകൾ പങ്കുവെച്ചിരുന്നത്. ഔദ്യോഗിക പദവിയിൽ ഇരിക്കെ അദ്ദേഹം 1999, 2005, 2012 വർഷങ്ങളിൽ മൂന്ന് തവണ ഒമാൻ സന്ദർശിച്ചിട്ടുണ്ട്. ഇത് കൂടാതെ നിരവധി വ്യക്തിപരമായ സന്ദർശനങ്ങളും അദ്ദേഹം ഒമാനിൽ നടത്തിയിട്ടുണ്ട്. അറബ് മേഖലയിലും ഗൾഫ് രാജ്യങ്ങൾക്കിടയിലും സമാധാനവും സ്ഥിരതയും നിലനിർത്താൻ സുൽത്താൻ ഖാബൂസും ഷെയ്ഖ് ഹമദും ഒന്നിച്ച് പ്രവർത്തിച്ചു.പ്രാദേശിക തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിലും നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്തുന്നതിലും ഒമാനും ഖത്തറും സമാനമായ സമാധാനപരമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്.

Tags:    
News Summary - Omani representatives offer condolences in demise of former Emir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.