ദോഹ: സിറിയയിലെ ഖാൻ ശൈഖൂൻ പ്രവിശ്യയിലെ രാസായുധ പ്രയോഗത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന നിലപായിൽ യോജിച്ച് ഖത്തറും റഷ്യയും. മോസ്കോയിൽ ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും തമ്മിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആക്രമണത്തിെൻറ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും സിറിയയിലെ ഏത് തരത്തിലുള്ള ജനസംഖ്യാ മാറ്റത്തെയും ഖത്തർ ഒരുനിലക്കും പിന്തുണക്കുകയില്ലെന്നും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു.
ഖത്തർ–റഷ്യൻ വിദേശകാര്യമന്ത്രിമാരുടെ ചർച്ചക്ക് ശേഷം നടന്ന സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്. മേഖലയിലെ പ്രധാന വിഷയങ്ങളും പ്രത്യേകിച്ച് സിറിയയിലെ ഖാൻ ശൈഖൂനിലെ രാസായുധ പ്രയോഗവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു.
സിറിയൻ ജനതയുടെ ദുരിതം അവസാനിപ്പിക്കുന്നതും സിറിയയുടെ ഏകീകരണത്തെ സംബന്ധിച്ചുമുള്ള വിഷയത്തിൽ ഇരുരാജ്യങ്ങളും യോജിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
റഷ്യയും തുർക്കിയും അസ്താനയിൽ സംഘടിപ്പിച്ച സിറിയൻ സമാധാന ചർച്ചയെ ഖത്തർ പിന്തുണക്കുന്നുവെന്ന് പറഞ്ഞ ശൈഖ് ആൽഥാനി, സിറിയയിൽ നടന്ന രാസായുധ ആക്രമണത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ഖത്തറിെൻറ നിലപാടെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടു.
ഖത്തറും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധവും സഹകരണവും ഏറ്റവം മെച്ചപ്പെട്ട സാഹചര്യത്തിലാണുള്ളതെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ റഷ്യൻ സന്ദർശനം അതിന് സഹായിച്ചുവെന്നും റഷ്യൻ ഭാഗത്ത് നിന്നും സെർജി ലാവ്റോവ് പറഞ്ഞു.
നിക്ഷേപ, എണ്ണ, പ്രകൃതി വാതക മേഖലയിലും സഹകരണം ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്കാരിക, കായിക, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയിൽ ഈന്നൽ നൽകിയതെന്ന് ലാവ്റോവ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.