ദോഹ: ഗസ്സയിലെ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായുള്ള റോഡ്‌മാപ്പ് അംഗീകരിക്കാനുള്ള ഹമാസിന്റെ തീരുമാനം പ്രതീക്ഷ നൽകുന്നതാണെന്ന് ഖത്തർ. ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങൾ അവസാനിപ്പിക്കാനും അവരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുമെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി.
ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി ചുമതലയേറ്റ ഡോ. ഖലീൽ അൽ ഹയ്യയുമായി വെള്ളിയാഴ്ച രാത്രി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഖത്തർ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഹമാസ് തീരുമാനത്തെ സ്വാഗതം ചെയ്ത ഖത്തർ പ്രധാനമന്ത്രി, ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി ചുമതലയേറ്റെടുത്ത ഡോ. ഖലീൽ അൽ ഹയ്യയെ അഭിനന്ദിച്ചു. ഫലസ്തീൻ ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കാൻ അദ്ദേഹത്തെ ആശംസിച്ചു.
കരാർ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കാനും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ലംഘിക്കുന്നത് അവസാനിപ്പിക്കാനും ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തണം. റോഡ്‌മാപ്പ് പൂർത്തീകരിച്ച് മേഖലയിൽ ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.