ദോഹ: ശരീരഭാരം കുറക്കാനെന്ന പേരിൽ വിപണിയിൽ പ്രചരിക്കുന്ന 'ഈറ്റ്‌ലെസ് – നാച്ചുറൽ സ്ലിമ്മിങ് ഫോർമുല' ഉൽപന്നത്തിനെതിരെ മുന്നറിയിപ്പുമായി പൊതുജനാരോഗ്യ മന്ത്രാലയം. ലാബ് പരിശോധനയിൽ, ഉൽപന്നത്തിൽ അപകടകാരിയായ ഘടകങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
മന്ത്രാലയത്തിലെ ഡ്രഗ് ക്വാളിറ്റി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ, സിബുട്രാമിൻ, ഫിനോൾഫ്തലീൻ എന്നീ മരുന്നുകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഈ ഉൽപന്നം പ്രധാനമായും പ്രചരിപ്പിക്കുന്നത്.
പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ അതോറിറ്റികളുമായി ചേർന്ന് ഈ ഉൽപന്നത്തിന്റെ വിൽപന തടയുന്നതിനും വിതരണക്കാർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജമോ അംഗീകാരമില്ലാത്തതോ ആയ ഉൽപന്നങ്ങളെക്കുറിച്ച് പരാതി നൽകുന്നതിനും മറ്റ് അന്വേഷണങ്ങൾക്കും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. ഫോൺ: 16000. ഇമെയിൽ: ghcc@moph.gov.qa.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.