മനുഷ്യക്കടത്ത് തടയാൻ 'ദേശീയ റഫറൽ സംവിധാന'വുമായി ഖത്തർ

ദോഹ: രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും ഇരകൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി പുതിയ 'നാഷണൽ റഫറൽ സിസ്റ്റം' പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതിയുടെ സഹകരണത്തോടെയാണ് വിവിധ സർക്കാർ -ഇതര ഏജൻസികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര പദ്ധതി തയാറാക്കിയിരിക്കുന്നത്.

മനുഷ്യക്കടത്തിന്റെ ഇരകൾ നേരിടുന്ന മാനുഷികവും നിയമപരവുമായ വെല്ലുവിളികൾക്ക് പരിഹാരം കാണാനും ചൂഷണങ്ങൾ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സംവിധാനം നിലവിൽ വന്നത്. മനുഷ്യക്കടത്ത് കേസുകളിൽ പരാതി സ്വീകരിക്കൽ, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം, ഇരകളുടെ സംരക്ഷണം, കുറ്റവാളികൾക്കെതിരെയുള്ള നിയമനടപടികൾ (ക്രിമിനൽ പ്രോസിക്യൂഷൻ) എന്നിവ ഏകീകൃത രീതിയിൽ നടപ്പാക്കുന്നതിനുള്ള ഔദ്യോഗിക ചട്ടക്കൂടായാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും പ്രാദേശിക നിയമങ്ങൾക്കും അനുസൃതമായി കുറ്റവാളികളെ കണ്ടെത്താനും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇരകളെ സംരക്ഷിക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഈ സംവിധാനം പ്രവർത്തിക്കും. മനുഷ്യക്കടത്ത് നേരിടുന്നതിനുള്ള ദേശീയ സമിതി, തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ, സുപ്രീം ജുഡീഷ്യറി കൗൺസിൽ, വിദേശകാര്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ദേശീയ മനുഷ്യാവകാശ സമിതി, അമാൻ സെന്റർ, വിവിധ എംബസികൾ, മറ്റ് നയതന്ത്ര സ്ഥാപനങ്ങൾ, പ്രാദേശിക, അന്തർദേശീയ സംഘടനകൾ തുടങ്ങി വിശാലമായ പങ്കാളിത്തം റഫറൽ സംവിധാനത്തിനകത്ത് ഉൾപ്പെടുന്നു.

മനുഷ്യക്കടത്തിനെതിരെ കൃത്യസമയത്ത് മികച്ച രീതിയിലുള്ള ഇടപെടലുകൾ ഉറപ്പാക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായി, സർക്കാർ -സർക്കാരിതര സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് മികച്ച രീതിയിലുള്ള പ്രതിരോധ -സംരക്ഷണ പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും വിശദീകരിച്ചു.

Tags:    
News Summary - മനുഷ്യക്കടത്ത് തടയാൻ ദേശീയ റഫറൽ സംവിധാനവുമായി ഖത്തർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.