സ്പെയിനിലെ കാട്ടുതീ അണക്കുന്നതിനും രക്ഷാപ്രവർത്തനത്തിനുമായി പുറപ്പെട്ട ഖത്തർ ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്
ദോഹ: സ്പെയിനിൽ നാശം വിതയ്ക്കുന്ന കാട്ടുതീ നിയന്ത്രിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശപ്രകാരം ആഭ്യന്തര സുരക്ഷാ സേനയായ 'ലെഖ്‌വിയ'യുടെ കീഴിലുള്ള വിദഗ്ധ സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ സ്പെയിനിൽ എത്തി. 129 അംഗ വിദഗ്ധ സംഘമാണ് സ്പെയിനിലെ ദുരന്തമുഖത്ത് ക്യാമ്പ് ചെയ്യുന്നത്. അത്യാധുനിക ഫയർ എൻജിനുകൾ, ട്രക്കുകൾ, മറ്റ് പ്രത്യേക വാഹനങ്ങൾ എന്നിവക്ക് പുറമേ തീയണക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനുമായി രണ്ട് ഹെലികോപ്റ്ററുകളും സംഘത്തോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്.
ദുരന്തങ്ങളിൽ കൈത്താങ്ങാകാനും പ്രതിസന്ധി ഘട്ടങ്ങളിൽ സൗഹൃദ രാജ്യങ്ങളെ സഹായിക്കാനുമുള്ള ഖത്തറിന്റെ മാനുഷിക പ്രതിബദ്ധതയാണ് ഈ നടപടിയെന്ന് ഖത്തർ ആഭ്യന്തര മന്ത്രിയും ലഖ്‌വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽഥാനി പറഞ്ഞു.
അതേസമയം, സ്പെയിൻ ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ മർലാസ്ക ഗോമസുമായി ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഫോണിൽ സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി. കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ നിലവിൽ നടക്കുന്ന ശ്രമങ്ങൾ ചർച്ച ചെയ്തു. ദുരന്തമുഖത്ത് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ ഖത്തർ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.