ദോഹ: രാജ്യത്തെ ക്രൂയിസ് വിനോദസഞ്ചാര സീസണിലെ സന്ദർശകരുടെ വരവ് തുടരുന്നു.ഇറ്റാലിയൻ ആഢംബര കപ്പലായ എം.എസ്.സി സ്പ്ലെൻഡിഡയാണ് ഇന്നലെ ദോഹ തുറമുഖത്ത് 4000ലധികം സന്ദർശകരുമായി നങ്കൂരമിട്ടിരിക്കുന്നത്.2017/2018 ക്രൂയിസ് സീസണിൽ അഞ്ച് തവണ ഖത്തർ സന്ദർശിക്കുന്ന എം.എസ്.സി സ്പ്ലെൻഡിഡയുടെ ദോഹയിലേക്കുള്ള കന്നിയാത്ര കൂടിയാണിത്. കഴിഞ്ഞ വർഷം 4000നടുത്ത് യാത്രക്കാരുമായി ഖത്തറിലെത്തിയിരുന്ന എം.എസ്.സി ഫാൻറസിയക്ക് പകരമായാണ് എം.എസ്.സി സ്പ്ലെൻഡിഡ എത്തിയിരിക്കുന്നത്.ദോഹ തുറമുഖത്തെത്തിയ എം.എസ്.സി സ്പ്ലെൻഡിഡയെ ഖത്തർ ടൂറിസം അതോറിറ്റി, ഖത്തർ പോർട്ട്സ് മാനേജമെൻറ് കമ്പനി മവാനി ഖത്തർ, ഹമദ് രാജ്യാന്തര വിമാനത്താവളം, ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത പ്രതിനിധികളെത്തി സ്വീകരിച്ചു.ക്രൂയിസ് കപ്പലുകളുടെ പ്രധാന കേന്ദ്രമായി ഖത്തർ മാറിക്കൊണ്ടിരിക്കുകയാണെന്നും നിരവധി മെഗാ ക്രൂയിസ് കപ്പലുകളാണ് ഇതിനകം ദോഹയിൽ നങ്കൂരമിട്ടിരിക്കുന്നതെന്നും ക്യൂ.ടി.എ ചീഫ് ടൂറിസം ഡെവലപ്മെൻറ് ഓഫീസർ ഹസൻ അൽ ഇബ്റാഹിം പറഞ്ഞു.
എം.എസ്.സി സ്പ്ലെൻഡിഡയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷിക്കുന്നുവെന്നും രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ചക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദോഹ തുറമുഖത്തിെൻറ നവീകരണ പ്രവർത്തനങ്ങൾ പുരോഗതിയിലാണെന്നും ഇത് പൂർത്തിയാകുന്നതോടെ സ്ഥിരം ക്രൂയിസ് ടെർമിനലായും പ്രധാന വിനോദ സഞ്ചാര ഹബ്ബായും ഇത് മാറുമെന്നും ഒരേ സമയം രണ്ട് മെഗാ ക്രൂയിസ് കപ്പലുകൾക്ക് നങ്കൂരമിടാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എം.എസ്.സി സ്പ്ലെൻഡിഡയുടെ മേഖലയിലേക്കുള്ള കന്നിയാത്ര തന്നെ ഖത്തറിലേക്കായതിനാൽ ഏറെ സന്തോഷമുണ്ടെന്നും മേഖലയുടെ ക്രൂയിസ് വിനോദസഞ്ചാരത്തിെൻറ വളർച്ചക്ക് പൂർണ പിന്തുണയുണ്ടെന്നും എം.എസ്.സി സ്പ്ലെൻഡിഡ സി.ഇ.ഒ ഗിയാനി ഒനോറട്ടോ പറഞ്ഞു.66 മീറ്റർ ഉയരവും 333 മീറ്റർ നീളവുമുള്ള എം.എസ്.സി സ്പ്ലെൻഡിഡ, എം.എസ്.സി ക്രൂയിസ് വിഭാഗത്തിലെ ഏറ്റവും ആധുനികമായ കപ്പലായാണ് എണ്ണപ്പെടുന്നത്.ജനുവരി നാല്, 20, ഫെബ്രുവരി 15, മാർച്ച് എട്ട്, 29 ദിവസങ്ങളിലും എം.എസ്.സി സ്പ്ലെൻഡിഡ ഖത്തറിൽ യാത്രക്കാരുമായി നങ്കൂരമിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.