ഇസ്താംബൂളിൽ നടന്ന ‘യുനൈറ്റഡ് ഫോർ പീസ് ഇൻ ഫലസ്തീൻ‘ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ശൈഖ മൗസ ബിൻത് നാസ

ഗസ്സയിൽ കുരുന്നുകളെ കൊല്ലുമ്പോൾ ‘യുനെസ്കോ’ക്ക് മിണ്ടാട്ടമില്ല; ഗുഡ്‌വിൽ അംബാസഡർ പദവിയൊഴിഞ്ഞ് ശൈഖ മൗസ

ദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ കുട്ടികൾ കൊല്ലപ്പെടുമ്പോൾ നിസ്സംഗത പാലിച്ച യുനെസ്കോയുടെ നടപടിയിൽ പ്രതിഷേധിച്ച് ഗുഡ്‌വിൽ അംബാസഡർ പദവിയൊഴിഞ്ഞ് ശൈഖ മൗസ ബിൻത് നാസർ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മാതാവും അന്താരാഷ്ട്ര വിദ്യാഭ്യാസ സംഘടനയായ എജുക്കേഷൻ എബൗൾ ഓൾ ഫൗണ്ടേഷൻ ചെയർപേഴ്സനുമാണ് ശൈഖ മൗസ.

ഗസ്സയിലെ ഇസ്രായേൽ ആക്രമണം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇസ്താംബൂളിൽ ചേർന്ന ‘യുനൈറ്റഡ് ഫോർ പീസ് ഇൻ ഫലസ്തീൻ‘ ഉന്നതതല ഉച്ചകോടിയിലാണ് യുനെസ്കോ ഗുഡ്‌വിൽ അംബാസഡർ പദവി ഒഴിയുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതെന്ന് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക വിഭാഗമായ യുനെസ്കോയുടെ വിദ്യഭ്യാസ പ്രവർത്തനങ്ങളുമായി 2003 മുതൽ ശൈഖ മൗസ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഒക്ടോബർ ഏഴിന് ആരംഭിച്ച ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ പ്രധാന ഇരകൾ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികളായിരുന്നു. നവംബർ 13 വരെയുള്ള കണക്കുകൾ പ്രകാരം 4600ൽ ഏറെ കുട്ടികളാണ് കൊല്ലപ്പെട്ടത്. ആകെ മരണ സംഖ്യ 11,100ലധികമായി. വിദ്യാഭ്യാസത്തിനും മറ്റുമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭ സംഘടന ഗസ്സയിലെ കുരുന്നുകളുടെ സംരക്ഷണത്തിലും അവർക്ക് മാനുഷിക സഹായമെത്തിക്കുന്നതിലും പരാജയപ്പെട്ടതായി ശൈഖ മൗസ വ്യക്തമാക്കിയെന്ന് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു.

‘കുട്ടികൾ ആക്രമിക്കപ്പെടുമ്പോഴും, സ്കൂളുകൾ തകർക്കുമ്പോഴും യുനെസ്കോയുടെ നിശബ്ദത നിരാശപ്പെടുത്തുന്നു. ഏത് തരത്തിലും യുനെസ്കോയുടെ ലക്ഷ്യങ്ങളുമായി യോജിക്കുന്നതല്ല ഇത്’ -ശൈഖ മൗസ പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി രാഷ്ട്ര നേതാക്കൾ, സെലിബ്രിറ്റികൾ ഉൾപ്പെടെ 60ഓളം ഗുഡ്വിൽ അംബാസഡർമാരാണ് ‘യുനെസ്കോ’യിലുള്ളത്. വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക മേഖലകളിലെ യുനെസ്കോയുടെ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ പ്രചാരം നൽകുകയാണ് ഗുഡ്‌വിൽ അംബാസഡർമാരുടെ ദൗത്യം.

Tags:    
News Summary - Sheikha Moza withdraws from role as Unesco goodwill ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.