കടൽ തീരം ശുചീകരിക്കുന്ന സെവൻ ക്ലീൻ സീസ് വളണ്ടിയർമാർ (ഫയൽ ചിത്രം)
ദോഹ: ലോകകപ്പിനെ വെറുമൊരു ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം, പരിസ്ഥിതി, സാമൂഹിക മേഖലകളിലെ പുതിയ തുടക്കത്തിനുള്ള വേദിയാക്കി മാറ്റുകയാണ് ഖത്തർ. അതിന്റെ ഭാഗമാണ് സമുദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കാനുള്ള സുപ്രീംകമ്മിറ്റിയും സെവൻ ക്ലീൻ സീസും തുടങ്ങുന്ന കാമ്പയിൻ. 'വൺ ടൈഡ്' എന്ന പേരിൽ ആരംഭിക്കുന്ന കാമ്പയിനിലൂടെ ഖത്തറിലെയും ലോകത്തെയും ജനങ്ങളെ പ്ലാസ്റ്റിക് മാലിന്യം കുറക്കുന്നതിെൻറ പ്രധാന്യം വ്യക്തമാക്കുകയാണ് ലക്ഷ്യം.
പ്ലാസ്റ്റിക് മാലിന്യം കുറക്കുന്നതിനുള്ള പദ്ധതികൾ സംബന്ധിച്ച് നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കും. സമുദ്രജീവികൾക്കും സമുദ്രങ്ങൾക്കും പ്ലാസ്റ്റിക് മാലിന്യം എങ്ങനെ ഉപദ്രവകരമാകുന്നെന്നും ആഘാതം സൃഷ്ടിക്കുന്നെന്നും ഓർമിപ്പിക്കും. റീസൈക്ലിങ് സംസ്കാരം വളർത്തുന്നതിന് പ്രോത്സാഹനം നൽകുകയും പരിസ്ഥിതി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതിെൻറ ആവശ്യകത വ്യക്തമാക്കുകയും ലക്ഷ്യമാണ്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് സെവൻ ക്ലീൻ സീസുമായി കൈകോർക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും പദ്ധതിയിലൂടെ ഖത്തറിലും മേഖലയിലും പുറത്തും പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറക്കാനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും സുപ്രീം കമ്മിറ്റി സസ്റ്റയിനബിലിറ്റി ഡയറക്ടർ എൻജി. ബുദൂർ അൽ മീർ പറഞ്ഞു. കാമ്പയിന്റെ തുടക്കത്തിൽ തന്നെ പ്ലാസ്റ്റിക് മാലിന്യം സംബന്ധിച്ചും അതുയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളുമായി ബന്ധപ്പെട്ടും ജനങ്ങളെ ബോധവത്കരിക്കുകയാണ്. ഇതിലൂടെ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന സ്വഭാവം കുറച്ച് സുസ്ഥിരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും എൻജി. അൽ മീർ വ്യക്തമാക്കി.
പ്ലാസ്റ്റിക് മാലിന്യം സംബന്ധിച്ച് അന്താരാഷ്ട്ര, പ്രാദേശിക സമൂഹത്തെ ബോധവത്കരിക്കാൻ 'വൺ ടൈഡ്' കാമ്പയിനിലൂടെ ലക്ഷ്യമിടുന്നുവെന്നും പ്ലാസ്റ്റിക് ഫ്രീ ലോകകപ്പെന്ന സുപ്രീംകമ്മിറ്റിയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളിലൊന്നാണിതെന്നും സസ്റ്റയിനബിലിറ്റി സ്റ്റോക്ക്ഹോൾഡർ ആൻഡ് കമ്യൂണിറ്റി മാനേജർ ജാസിം അൽ ജൈദ പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് സുപ്രീംകമ്മിറ്റി സെവൻ ക്ലീൻ സീസുമായി കരാർ ഒപ്പുവെച്ചത്. പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട പൊതുജനങ്ങളിൽ ബോധവത്കരണം ശക്തിപ്പെടുത്തുക, മാലിന്യം കുറക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക, ടൂർണമെൻറിനുപയോഗിച്ച ഓഫ്സെറ്റ് പ്ലാസ്റ്റിക്കുകൾ ശേഖരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി സെവൻ ക്ലീൻ സീസ് ലോകകപ്പ് സംഘാടകർക്കൊപ്പമുണ്ടാകും.
സെവൻ ക്ലീൻ സീസ്
ലോകത്തെ സമുദ്രങ്ങളെല്ലാം പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സംഘമാണ് സെവൻ ക്ലീൻ സീസ്. സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ എൻ.ജി.ഒ ഇന്ന് ലോകത്തിൻെറ വിവിധ ഭാഗങ്ങളിലായി പടർന്നുപന്തലിച്ചിരിക്കുന്നു. ഏഴ് സമുദ്രങ്ങളിൽനിന്നും തീരങ്ങളിൽനിന്നും നദികളിൽനിന്നും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് സംസ്കരിക്കുകയാണ് ഈ പരിസ്ഥിതി കൂട്ടായ്മയുടെ ലക്ഷ്യം. 2018ൽ സിംഗപ്പുരിൽ സ്റ്റാർട്ടപ് ആയി തുടങ്ങിയ 'സെവൻ ക്ലീൻ സീസ്' ഇന്ന് ആയിരക്കണക്കിന് വളൻറിയർമാരുടെയും അത്യാധുനിക സംവിധാനങ്ങളുടെയും പിന്തുണയുള്ള ആഗോള കൂട്ടായ്മയാണ്. മൂന്നുവർഷത്തിനകം 1.85 ലക്ഷം പ്ലാസ്റ്റിക് മാലിന്യമാണ് ഇവർ സമുദ്രത്തിൽനിന്ന് പുറന്തള്ളിയത്.
ഓരോ വർഷവും ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നായി 11 ദശലക്ഷം ടൺ പ്ലാസ്റ്റിക്കുകളാണ് കടലിൽ തള്ളുന്നതെന്ന് സെവൻ ക്ലീൻ സീസ് സ്ഥാപകനയും സി.ഇ.ഒയുമായ ടോം പീകോക് നാസിൽ പറയുന്നു. ലോകകപ്പ് പോലൊരു വലിയൊരു മേളയുമായി സഹകരിച്ച് പ്രവർത്തിക്കുേമ്പാൾ ലോകവ്യാപകമായി പ്ലാസ്റ്റിക്കിനെതിരെ പ്രചാരണം നടത്താൻ കഴിയുമെന്ന് ടോം പീക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.