ദോഹ: രാജ്യം കടുത്ത ചൂടിലേക്ക് നീങ്ങവെ, സീസണിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഈയാഴ്ച സംഭവിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ്. ജൂൺ 21 ശനിയാഴ്ചയാണ് പകലിന് ദൈർഘ്യം കൂടുതലും, രാത്രി കുറഞ്ഞതുമായ ദിവസം. ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസൂഖ് ആണ് ഇക്കാര്യം അറിയിച്ചത്. വടക്കൻ അർധഗോളത്തിൽ ഉത്തരായനവും അതേ ദിവസംതന്നെ തെക്കൻ അർധഗോളത്തിൽ ദക്ഷിണായനവും സംഭവിക്കുന്നതിനെ തുടർന്നാണ് പകലിന് ദൈർഘ്യവും രാത്രിയുടെ നീളം കുറയുന്നതുമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥ വ്യതിയാനങ്ങളെ നിർണയിക്കുന്ന ഘടകങ്ങളിലൊന്നായതിനാൽ സുപ്രധാനമായ പ്രതിഭാസമാണിത്. സൂര്യന്റെ തെക്കുനിന്നുമുള്ള വടക്കോട്ടുള്ള യാത്രയെ സൂചിപ്പിക്കുന്നതാണ് ഉത്തരായനം. വടക്കൻ അർധഗോളത്തിൽ പകലിന്റെ ദൈർഘ്യം കൂടുമ്പോൾ എതിർവശത്ത് തെക്കൻ അർധഗോളത്തിലുള്ളവർക്ക് പകലിന് ദൈർഘ്യം കുറവും രാത്രിക്ക് നീളം കൂടുതലുമായിരിക്കും. ഈ വർഷം സെപ്റ്റംബർ 22ന് പകലിന്റെയും രാത്രിയുടേയും ദൈർഘ്യം ഒരുപോലെയായിരിക്കുമെന്നും ഡോ. ബഷീർ മർസൂഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.