സാഫിർ എണ്ണക്കപ്പൽ
സാഫിർ എണ്ണ ടാങ്കർ; യു.എൻ ദൗത്യത്തെ അഭിനന്ദിച്ച് ഖത്തർ
ദോഹ: യമൻതീരത്ത് ലോകത്തിനാകെ ഭീഷണി ഉയർത്തുന്ന ‘ടൈംബോംബായി’ മാറിയ ‘സാഫിർ’ എണ്ണക്കപ്പലിന്റെ പ്രശ്നപരിഹാരത്തിന് ഐക്യരാഷ്ട്രസഭ നടത്തുന്ന ഇടപെടലിനെ സ്വാഗതംചെയ്ത് ഖത്തർ. വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ ദിവസം മുതൽ യു.എൻ നേതൃത്വത്തിൽ കപ്പലിൽനിന്ന് എണ്ണ നീക്കംചെയ്യൽ ആരംഭിച്ചതായാണ് റിപ്പോർട്ട്.
മേഖലയിലെ പരിസ്ഥിതിക്കും മനുഷ്യരാശിക്കും ഭീഷണിയായി നിലയുറപ്പിച്ച സാഫിർ എണ്ണക്കപ്പലിൽനിന്ന് എണ്ണനീക്കത്തിന് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്ര സംഘടനയെയും ആഗോള പങ്കാളികളെയും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അഭിനന്ദിച്ചു. മനുഷ്യരാശിക്കും പ്രകൃതിക്കും സുരക്ഷയൊരുക്കുന്ന ദൗത്യത്തിൽ ഖത്തർ പങ്കാളിയായത് അഭിമാനകരമാണെന്നും പറഞ്ഞു.
വർഷങ്ങളായി തുടരുന്ന പ്രശ്നം പരിഹരിക്കുന്നതിന് ഖത്തറിന്റെയും കാര്യമായ ഇടപെടലുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് ഈ ദൗത്യത്തിനായി ഖത്തർ 20 ലക്ഷം ഡോളർ പ്രഖ്യാപിച്ചത്.
സാഫിർ; ചെങ്കടലിലെ ടൈംബോംബ്
ദോഹ: ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള അൽ ഹുദൈദ തുറമുഖത്തുനിന്ന് 4.8 നോട്ടിക്കൽ മൈൽ അകലെ സ്ഥിതിചെയ്യുന്ന സാഫിർ എണ്ണ ടാങ്കറിൽ 11.4 ലക്ഷം ബാരൽ എണ്ണയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2015 മുതൽ കപ്പലിൽനിന്നുള്ള എണ്ണ നീക്കംചെയ്യുന്നതും കപ്പലിലെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതും നിർത്തിവെച്ചിരിക്കുകയാണ്. ഇത് കാരണം കപ്പൽ ജീർണാവസ്ഥയിലാണുള്ളത്. എണ്ണ ടാങ്കറിലുണ്ടാകുന്ന ചോർച്ച ചെങ്കടലും അറേബ്യൻ കടലും ഉൾപ്പെടെ മേഖലയിൽ വൻ പാരിസ്ഥിതിക ദുരന്തത്തിന് ഇടയാക്കുമെന്ന് രാജ്യങ്ങൾ ഭയക്കുന്നു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള സാഫിര്‍ എണ്ണടാങ്കര്‍ ഏതു സമയവും ദുരന്തം വിതച്ചേക്കാവുന്ന ടൈംബോംബ് ആയാണ് കണക്കാക്കുന്നത്. യുദ്ധം കാരണം അറ്റകുറ്റപ്പണി നിലച്ച കപ്പൽ ഏതു സമയവും ചോർച്ചയുണ്ടായി മേഖലയിൽ വലിയ ദുരന്തം വിതക്കാനിടയുണ്ടെന്ന് ഐക്യരാഷ്ട്രസഭ ഡെവലപ്മെന്റ് പ്രോഗ്രാം സാഫിർ കപ്പൽ പ്രോജക്ട് മാനേജർ മുഹമ്മദ് മുദവി നൽകുന്ന മുന്നറിയിപ്പ്.
‘നോട്ടിക’ എന്ന എണ്ണ ടാങ്കർ കപ്പലിലേക്കാണ് സാഫിറിലെ എണ്ണ നീക്കംചെയ്യുന്നത്. ജിബൂതിയിൽ നിന്നാണ് ഈ കപ്പൽ കഴിഞ്ഞ ദിവസം ഹുദൈദയിലെത്തിച്ചത്. എണ്ണ പൂർണമായും നീക്കംചെയ്യാൻ മൂന്നാഴ്ച എടുക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.