ഐ.സി.സി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പതാക ഉയർത്തുന്നു
ദോഹ: ത്രിവർണ പതാക വാനിലേക്കുയർന്ന പുലരിയിൽ ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം. കനത്ത ചൂടിനെ വകവെക്കാതെ രാവിലെ തന്നെ ദേശീയപതാകയുടെ വർണ്ണങ്ങളണിഞ്ഞും ത്രിവർണ്ണമേന്തിയുമെത്തിയ കുട്ടികളും, സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികളാൽ ഐ.സി.സി അങ്കണം ദേശഭക്തിനിർഭരമായി. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്ററിലാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടന്നത്.
രാവിലെ ഏഴോടെ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. ശേഷം എല്ലാവരും ചേർന്ന് ദേശീയഗാനം ആലപിച്ചു. തുടർന്ന് ഐ.സി.സി അശോക ഹാളിൽ മഹത്മാ ഗാന്ധിയുടെ ചിത്രത്തിൽ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവർ ചേർന്ന് പുഷ്പാർച്ചന നടത്തി.
ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ വായിച്ചു. തുടർന്ന്, ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം, ഖത്തർ അമീർ നടത്തിയ ഇന്ത്യാ സന്ദർശനത്തെ കുറിച്ചും ഇന്ത്യയിലെ വിവിധ മന്ത്രിമാർ നടത്തിയ ഖത്തർ സന്ദർശനങ്ങളെ കുറിച്ചും സൂചിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിനുള്ള തുടർച്ചയായ പിന്തുണക്കും സംരക്ഷണത്തിനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും ഖത്തരി ഭരണകൂടത്തിനും അദ്ദേഹം കൃതഞ്ജത രേഖപ്പെടുത്തി. ചടങ്ങിൽ സ്വാതന്ത്രസമര ചരിത്രവും ദേശീയബോധവും ഉണർത്തുന്ന കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.