ഖത്തറിലെ പ്രവാസികൾക്ക് ഇനി നാട്ടിലേക്ക് എളുപ്പം പണമയക്കാം; ഖത്തർ പോസ്റ്റും ഇന്ത്യ പോസ്റ്റും കൈകോർക്കുന്നു

ദോഹ: ഖത്തറിലെ പ്രവാസികൾക്ക് നാട്ടിലേക്ക് എളുപ്പത്തിൽ പണമയക്കുന്നതിനായി ഖത്തർ പോസ്റ്റ് പുതിയ മണി ട്രാൻസ്ഫർ സേവനം ആരംഭിച്ചു. ഇന്ത്യ പോസ്റ്റ്, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (യു.പി.യു) എന്നിവയുമായി സഹകരിച്ചാണ് പുതിയ സേവനം അവതരിപ്പിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് പുതിയ സേവനത്തിന് തുടക്കമിട്ടത്.

തങ്ങളുടെ സാമ്പത്തിക സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെയും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് ഖത്തർ പോസ്റ്റ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. യു.പി.ഐ സാങ്കേതികവിദ്യയുടെ കരുത്തിൽ, 'പോസ്റ്റ് ട്രാൻസ്ഫർ' (PosTransfer) സംവിധാനം വഴിയാണ് ഖത്തറിലെ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് പണം അയക്കാൻ സാധിക്കുക.

പ്രവാസികൾക്ക് തങ്ങളുടെ കുടുംബങ്ങളിലേക്ക് സുരക്ഷിതമായും വേഗത്തിലും പണമയക്കാൻ ഈ സംവിധാനം സഹായിക്കും. പരമ്പരാഗത തപാൽ സേവനങ്ങളെ ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതാണ് പദ്ധതി. തപാൽ -സാമ്പത്തിക മേഖലകളിൽ അന്താരാഷ്ട്ര സഹകരണവും ഖത്തറും ഇന്ത്യയും തമ്മിലുള്ള സൗഹൃദ ബന്ധവും കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ സേവനം വഴിയൊരുക്കും.

ഇന്ത്യ പോസ്റ്റും യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണം ഖത്തർ-ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് പണമിടപാടുകൾ എളുപ്പമാക്കുന്നതിനും സഹായിക്കുമെന്ന് ഖത്തർ പോസ്റ്റ് വ്യക്തമാക്കി.

Tags:    
News Summary - Qatar expats can now send money home easily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.