പ്രിയ ജോസഫ്
ദോഹ: സംസ്കൃതി-സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാര സമർപ്പണം ഡിസംബർ 30 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഐ.സി.സി അശോക ഹാളിൽ നടക്കുമെന്ന് സംസ്‌കൃതി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. അമേരിക്കൻ പ്രവാസി മലയാളിയായ പ്രിയ ജോസഫ് രചിച്ച ‘മാണീം ഇന്ദിരാഗാന്ധീം’ എന്ന കഥയാണ് ഈ വർഷം പുരസ്കാരത്തിന് അർഹമായത്.
മികച്ച മലയാള ചെറുകഥക്ക് നൽകുന്ന നിലവിലെ ഏറ്റവും വിലയേറിയ പ്രവാസി ചെറുകഥ പുരസ്കാരമാണ് 50,000 രൂപയും പ്രശസ്തിഫലകവും ഉൾപ്പെടുന്ന സംസ്കൃതി- സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം. സാഹിത്യകാരനും നിരൂപകനുമായ ഡോ. ഇ.പി രാജഗോപാലൻ ചെയർമാനും സാഹിത്യകാരന്മാരായ അഷ്ടമൂർത്തി, ഷിനിലാൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹമായ ചെറുകഥ തിരഞ്ഞെടുത്തത്.
2014 മുതൽ ജി.സി.സി രാഷ്ട്രങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്ക് മാത്രമായി സംഘടിപ്പിച്ചിരുന്ന പുരസ്കാരം 2022 മുതൽ ലോകമെമ്പാടുമുള്ള പ്രവാസികളിലേക്ക് വ്യാപിപ്പിക്കുകയും ജപ്പാൻ, ആസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നടക്കമുള്ള നിരവധി കഥകളിൽ നിന്നും പ്രിയ ജോസഫ് രചിച്ച കഥ പുരസ്കാരത്തിന് അർഹമാവുകയും ചെയ്തു. സാംസ്കാരിക പരിപാടികളും ഡോ. ഇ.പി. രാജഗോപാലന്റെ പ്രഭാഷണവും മറ്റു കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.